നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ആറുപേര്‍ മരിച്ചു.
നിരവധിപേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്. മൂന്നുമാസത്തിനിടെ പ്ലാന്റിലുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണിത്
ചെന്നൈ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിലുള്ള നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ആറുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്. മൂന്നുമാസത്തിനിടെ പ്ലാന്റിലുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണിത്.പ്ലാന്റിലെ രണ്ടാമത്തെ യൂണിറ്റിലുള്ള പവര്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. കരാര്‍ ജോലിക്കാരും സ്ഥിരം തൊഴിലാളികളും അടക്കം നിരവധി പേര്‍ അപകടസമയത്ത് പ്ലാന്റില്‍ ജോലിയിലുണ്ടായിരുന്നു.
രണ്ട് തൊഴിലാളികള്‍ സംഭവസ്ഥലത്ത് വെച്ചും ബാക്കിയുള്ളവര്‍ ആശുപത്രിയിലും മരിച്ചു. എല്ലാവരും കരാര്‍ തൊഴിലാളികളാണ്. അപകടമുണ്ടായ സ്ഥലത്ത് കൂടുതല്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുന്നുണ്ട്. അഗ്നിശമന സേനയെത്തി, തീ നിയന്ത്രണ വിധേയമാക്കി.പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുന്ന ചിലരുടെ നില ഗുരുതരമാണെന്നാണ് സൂചന. തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് മൃതദേഹങ്ങള്‍ കൊണ്ടുവന്ന ആംബുലന്‍സുകള്‍ ബന്ധുക്കളും നാട്ടുകാരും തടഞ്ഞു. സ്ഥലത്ത് വന്‍ പൊലിസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
രണ്ടു മാസങ്ങള്‍ക്കിടെ രണ്ടാം തവണയാണ് പ്ലാന്‍റില്‍ അപകടം ഉണ്ടാകുന്നത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ഈ പ്ലാന്‍റ് പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്