ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി ‘നേപ്പാളിന്റെ പുതിയ ഭൂപടം പുറത്തിറങ്ങി
ഔദ്യോഗിക ഭൂപടം' ഉടൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും ഏഴ് പ്രവിശ്യകളും 77 ജില്ലകളും 753 പ്രാദേശികതല ഭരണ ഡിവിഷനുകളും അടങ്ങുന്നതാണ് പുതിയ ഭൂപടമെന്നും വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി പറഞ്ഞു
ഡൽഹി :നേപ്പാലിന്റെ വടക്കുപടിഞ്ഞാറൻ അറ്റത്തുള്ള ഇന്ത്യൻ അധിനാഭൂപ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയധുര തുടങ്ങിയ പ്രദേശങ്ങളെ തങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഭൂപടത്തിന് നേപ്പാൾ മന്ത്രിസഭ അംഗീകാരം നൽകി. ‘നേപ്പാളിന്റെ പ്രദേശങ്ങളായ’ ഈ മൂന്ന് സ്ഥലങ്ങളും തിരികെ നൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുന്ന പ്രമേയം ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി പാർലമെന്റിൽ അവതരിപ്പിച്ചതിനു പിന്നാലെയാണ് വിവാദ ഭൂപടത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്.പ്രധാനമന്ത്രി കെ.പി ശർമ ഓലിയുടെ വസതിയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ ഭൂഭരണ വകുപ്പുമന്ത്രി പദ്മ ആര്യാൽ ആണ് ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭൂപടം അവതരിപ്പിച്ചത്. ‘ഇന്ത്യ സ്വന്തം അതിർത്തിക്കുള്ളിൽ ഏകപക്ഷീയമായി പിടിച്ചുവെച്ചിരിക്കുന്ന പ്രദേശങ്ങൾ’ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭൂപടം ഉടൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് നേപ്പാൾ സർക്കാർ പറഞ്ഞു. ഇന്ത്യയുടെ 335 കിലോമീറ്റർ നീളമുള്ള ഭൂമിയാണ് നേപ്പാൾ പുതിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയുടെ ഭാഗമായ കാലാപാനിക്കു മേല്‍ നേപ്പാള്‍ കാലങ്ങളായി അവകാശവാദമുന്നയിക്കുന്നുണ്ട്. തങ്ങളുടെ ധർചുല ജില്ലയുടെ ഭാഗമാണ് കാലാപാനി എന്നാണ് നേപ്പാളിന്റെ വാദം. കാലാപാനിയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തായാണ് ലിപുലേഖ് സ്ഥിതി ചെയ്യുന്നത്. ‘ഔദ്യോഗിക ഭൂപടം’ ഉടൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും ഏഴ് പ്രവിശ്യകളും 77 ജില്ലകളും 753 പ്രാദേശികതല ഭരണ ഡിവിഷനുകളും അടങ്ങുന്നതാണ് പുതിയ ഭൂപടമെന്നും വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി പറഞ്ഞു.ലിപുലേഖ് ചുരത്തെയും ഉത്തരാഖണ്ഡിലെ ധർചുലയെയും ബന്ധിപ്പിക്കുന്ന റോഡ് നിർമാണത്തിന്റെ പേരിൽ പ്രദീപ് ഗ്യാവാലി കഴിഞ്ഞയാഴ്ച ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ഖ്വത്രയെ വിളിച്ചുവരുത്തിയിരുന്നു. ഈയിടെ ഉദ്ഘാടനം ചെയ്ത റോഡ് പൂർണമായും രാജ്യത്തിനകത്താണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.