കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ അന്തരിച്ചു

കവിതയിലൂടെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് മികച്ച സംഭാവന നല്‍കിയ കവിയായിരുന്നു

0

തിരുവനന്തപുരം :പ്രമുഖ മലയാള കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ അന്തരിച്ചു. 82 വയസായിരുന്നു. പട്ടം ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

1936 മാര്‍ച്ച് 25-നു കുട്ടനാട്ടിലെ നീലമ്പേരൂര്‍ ഗ്രാമത്തിലാണ് മധുസൂദനന്‍ നായരുടെ ജനനം. പിതാവ് അധ്യാപകനായിരുന്ന പി. എന്‍. മാധവ പിളള, മാതാവ് ജി. പാര്‍വ്വതി അമ്മ. കെ. എല്‍. രുഗ്മിണീദേവിയാണ് ഭാര്യ. എം. ദീപുകുമാര്‍, എം. ഇന്ദുലേഖ എന്നിവരാണ് മക്കള്‍.
നീലമ്പേരൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍, ചിങ്ങവനം സെന്റ് തോമസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ചങ്ങനാശ്ശേരി എന്‍. എസ്സ്. എസ്സ്. കോളജില്‍ നിന്നു ഗണിതശാസ്ത്രത്തില്‍ ബിരുദം. പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളജില്‍ നിന്നു സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദം എന്നിവ കരസ്ഥമാക്കി. കുറച്ചുകാലം അധ്യാപകനായി പ്രവര്‍ത്തിച്ചു. പിന്നീട് സംസ്ഥാന വ്യവസായ-വാണിജ്യ വകപ്പില്‍ മാര്‍ക്കറ്റ് അനലിസ്റ്റ് ആയി ഔദ്യോഗികജീവിതത്തിന് തുടക്കം. 1991 മാര്‍ച്ച് 31-ന് ജോയിന്റ് ഡയറക്ടര്‍ തസ്തികയില്‍ നിന്ന് വിരമിച്ചു.

മൗസലപര്‍വ്വം, അഴിമുഖത്തു മുഴങ്ങുന്നത്, സൂര്യനില്‍ നിന്നൊരാള്‍, ചമത, പാഴ്ക്കിണര്‍, ചിത തുടങ്ങി പതിനാലു കാവ്യസമാഹാരങ്ങളും കിളിയും മൊഴിയും, അമ്പിളിപ്പൂക്കള്‍, എഡിസന്റെ കഥ തുടങ്ങി എട്ടു ബാലസാഹിത്യ കൃതികളും ഉള്‍പ്പെടെ ഇരുപത്തിയേഴു ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമാഗാനരചനയും വിവര്‍ത്തനവും നിര്‍വഹിച്ചിട്ടുണ്ട്. മൗസലപര്‍വ്വം എന്ന കാവ്യഗ്രന്ഥത്തിനു കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ കനകശ്രീ പുരസ്‌കാരം (1991), പാഴ്ക്കിണര്‍ എന്ന കാവ്യഗ ന്ഥത്തിനു മൂലൂര്‍ സ്മാരക പുരസ്‌കാരം (1998), കിളിയും മൊഴിയും എന്ന്. ബാലകവിതാഗ്രന്ഥത്തിനു സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം (1998). ചമത എന്ന കാവ്യഗ്രന്ഥത്തിനു കേരള സാഹിത്യ അക്കാദമിയുടെ കവിതയ്ക്കുള്ള പുരസ്‌കാരം (2000) എന്നിവ ലഭിച്ചിട്ടുണ്ട്. കവിതയിലൂടെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് മികച്ച സംഭാവന നല്‍കിയ കവിയായിരുന്നു നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

You might also like

-