നെടുങ്കണ്ടം കസ്റ്റഡി മരണം ജുഡീഷ്യല്‍ അന്വേഷണം വേണം :ചെന്നിത്തല.
കിരാതമായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു.
നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിരാതമായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു. രാജ് കുമാറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.കസ്റ്റഡിയിൽ വച്ച് രാജ്‍കുമാറിനെ ഉരുട്ടിക്കൊന്നതാണെന്നത് വ്യക്തമാണ്. അത് മറച്ചു വയ്ക്കാൻ നാട്ടുകാരുടെ മേൽ കുറ്റം ചാരി വച്ച് രക്ഷപ്പെടാനാണ് ഇടുക്കി എസ്‍പിയടക്കം ശ്രമിക്കുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
നേരിട്ട് ഇടുക്കി എസ്‍പിക്കെതിരെയാണ് എംപി ഡീൻ കുര്യാക്കോസും, പ്രതിപക്ഷനേതാവും ആരോപണങ്ങളുന്നയിക്കുന്നത്. രാജ്‍കുമാറിന്‍റെ മരണത്തിൽ ഇടുക്കി എസ്‍പി ഉൾപ്പടെയുള്ള മേലുദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് ഡീൻ കുര്യാക്കോസ് ആരോപിക്കുന്നത്.
തമിഴ് മാത്രമറിയാവുന്ന, ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജ്‍കുമാറിന് ഇത്തരമൊരു തട്ടിപ്പ് നടത്താനാകില്ല. അതിന് പിന്നിൽ വലിയ കഥകളുണ്ട്. അതാരെന്ന് കണ്ടെത്തണം. നാട്ടുകാരാരും രാജ്‍കുമാറിനെ മർദ്ദിച്ചിട്ടില്ല. അത്തരം ആരോപണങ്ങളുന്നയിച്ച് പൊലീസിനെ സംരക്ഷിക്കാനാകില്ല. പാവപ്പെട്ട നാട്ടുകാരുടെ പേരിൽ കേസെടുക്കരുത്. ഇയാളെ തെളിവെടുപ്പിന് കൊണ്ടുവരുമ്പോൾ നാല് പൊലീസുകാർ വലിയ ദണ്ഡുപയോഗിച്ച് മർദ്ദിച്ചെന്ന് നാട്ടുകാർ തന്നെ പറയുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
എസ്‍പി തന്നെ പൊലീസുകാരെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്ന സാഹചര്യത്തിൽ കേസ് എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ചാൽ പോരാ. പൊലീസിന് ഇപ്പോൾ ഏത് തരത്തിലുള്ള കഥയും മെനയാം. അത് ഒഴിവാക്കാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
രാജ്‍കുമാറിന്‍റെ അന്തിമ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല. അത് പുറത്ത് വരണം. അത് കുടുംബത്തിന് പരിശോധിക്കാനായി നൽകുകയും വേണം. പോസ്റ്റ്‍മോർട്ടത്തിൽ വിവരങ്ങൾ മറച്ചു വയ്ക്കാൻ ശ്രമങ്ങൾ നടക്കാൻ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു.