പിപി ദിവ്യയുടെ ജാമ്യഹർജിക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കും
ജാമ്യാപേക്ഷയിലെ വാദത്തിനു മുൻപ് ഭാര്യയുടെ മൊഴിയെടുത്തില്ല എന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബത്തിന്റെ മൊഴിയെടുക്കാൻ തീരുമാനി ച്ചത്
പത്തനംതിട്ട | എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യയുടെ ജാമ്യഹർജിക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കും . പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുക. എസ്ഐടി അന്വേഷണം കാര്യക്ഷമമല്ല. അക്കാര്യവും കോടതിയെ ബോധ്യപ്പെടുത്തും. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഇന്നലെ കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചത്.ജാമ്യാപേക്ഷയിലെ വാദത്തിനു മുൻപ് ഭാര്യയുടെ മൊഴിയെടുത്തില്ല എന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബത്തിന്റെ മൊഴിയെടുക്കാൻ തീരുമാനി ച്ചത് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രണ്ടു ദിവസത്തിനകം പത്തനംതിട്ടയിലെത്തി രേഖപ്പെടുത്തും. നിയമപോരാട്ടം തുടരുമെന്ന് ഭാര്യ മഞ്ജുഷ വ്യക്തമാക്കിയിരുന്നു.പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു. നീതി ലഭിക്കുന്നതിന് വേണ്ടി വന്നാൽ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും വരെ സമീപിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം. വിഷയത്തിൽ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ തയ്യാറെടുക്കുന്നതായി പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.
അതേസമയം ഇപ്പോഴുള്ള തഹസിൽദാർ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് അഭ്യർത്ഥന നൽകി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. റവന്യൂ വകുപ്പിനാണ് മഞ്ജുഷ അപേക്ഷ നൽകിയത്. നിലവിൽ കോന്നി തഹസിൽദാറായ തനിക്ക് തതുല്യമായ മറ്റ് തസ്തിക അനുവദിക്കണമെന്നാണ് അപേക്ഷ.