നവീന്‍ ബാബുവിന്റെ മരണം കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് കുടുംബത്തിന്റെ ഹർജി

കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം

കൊച്ചി |കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് എതിരെ ഗുരുതര ആരോപണങ്ങള്‍. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തണം. ഒന്നുകില്‍ കൊലപാതകം അല്ലെങ്കില്‍, ആത്മഹത്യാക്കുറിപ്പ് പൊലീസ് മുക്കിയതാകാമെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ തുടർ നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടിയേക്കും. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. നവീന്‍ ബാബുവിനെ ആരെങ്കിലും കെട്ടിത്തൂക്കി കൊന്നതാണോ എന്ന സാധ്യത പരിശോധിച്ചില്ലായെന്നും യാത്രയയപ്പ് ചടങ്ങിന് ശേഷം ചിലര്‍ നവീന്‍ ബാബുവിനെ കണ്ടിരുന്നു എന്നുമാണ് ഹർജിയിൽ കുടുംബം ചൂണ്ടിക്കാണിക്കുന്നത്.

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വാധീനത്തിലാണെന്നാണ് നവീന്റെ കുടുംബത്തിന്റെ ആരോപണം. കളക്ടറുടെ ഫോണ്‍ കോള്‍ രേഖകളും കളക്ടറേറ്റ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കണം. യാത്രയയപ്പ് ചടങ്ങിലെ ദിവ്യയുടെ സാന്നിധ്യത്തെപ്പറ്റി പരസ്പര വിരുദ്ധ മൊഴികള്‍ നല്‍കി കളക്ടര്‍ പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബു തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞതായുള്ള കളക്ടറുടെ മൊഴിയുണ്ട്. ഇതും പ്രതിയെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതെന്നാണ് ഹര്‍ജിയിലെ ആരോപണം. പി പി ദിവ്യയും കണ്ണൂര്‍ ജില്ലാ കളക്ടറും തമ്മിലുള്ള അവിശുദ്ധബന്ധം സിബിഐ അന്വേഷിക്കണമെന്നാണ് നവീന്റെ കുടുംബത്തിന്റെ ആരോപണം.നവീന്റെ ഫോണില്‍ ആത്മഹത്യാക്കുറിപ്പ് ഉണ്ടെങ്കില്‍ പൊലീസ് അത് എന്തായാലും നശിപ്പിക്കുമെന്ന് കുടുംബം ആശങ്ക പ്രകടിപ്പിച്ചു. കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ശ്രീജിത്തിന് ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെയും ചുമതല. തെളിവ് ശേഖരണവും സാക്ഷികളുടെ മുറിയെടുക്കലും ശ്രീജിത്താണ് നിര്‍വഹിക്കുന്നത്. കേസ് അട്ടിമറിയ്ക്ക് ഇത് ഉദാഹരണം എന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.

You might also like

-