ദേശീയപാതാ വികസനം :കേരളത്തെ ഒഴിവാക്കി കൊണ്ടുള്ള മുന്‍ഗണനാ വിജ്ഞാപനം റദ്ദാക്കി

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് വിഷയത്തില്‍ നിതിന്‍ ഗഡ്കരി ഇടപെട്ടത്.

0

ദില്ലി: ദേശീയപാതാ വികസന പദ്ധതിയുടെ മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കി കൊണ്ടുള്ള മുന്‍ഗണനാ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്രഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ദേശീയപാത വികസനത്തില്‍ കേരളത്തോട് യാതൊരു വിവേചനവും കേന്ദ്രസര്‍ക്കാര്‍ കാണിക്കില്ല. ദേശീയപാത വികസനത്തില്‍ കേരളം നേരിടുന്ന പ്രധാന വിഷയം ഭൂമിയേറ്റെടുക്കലാണ്. ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഉടന്‍ വ്യക്തത വരുത്തുമെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് വിഷയത്തില്‍ നിതിന്‍ ഗഡ്കരി ഇടപെട്ടത്.

ദേശീയപാത വികസനപദ്ധതിയില്‍ കേരളത്തിന് ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി താന്‍ ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. കേരളത്തെ മുൻഗണന പട്ടികയിൽ ഉള്‍പ്പെടുത്തി തന്നെ ദേശീയ പാത വികസനം നടത്തും.

രാജ്യമാകമാനം സംസ്ഥാനങ്ങളുടെ മുൻഗണന പുനനിർണയിച്ചതിന്റെ ഭാഗമായാണ് കേരളത്തെ ഒന്നാം പട്ടികയിൽ നിന്ന് മാറ്റിയതെന്നും കണ്ണന്താനം പറഞ്ഞു. ശ്രീധരൻ പിള്ള അയച്ച കത്തുമായി ഇതിന് ബന്ധമൊന്നുമില്ല. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനമായതിനാലാണ് കേരളത്തെ മുൻഗണന പട്ടികയിൽ നിന്നൊഴിവാക്കിയതെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണത്തിൽ വാസ്തവമില്ലെന്നും കണ്ണന്താം വ്യക്തമാക്കി.

You might also like

-