രാജ്യത്തിന്‍റെ വിദ്യാഭ്യാസമേഖലയിൽ നവീകരണത്തിനുള്ള നിർദ്ദേശവുമായി ദേശീയ വിദ്യാഭ്യാസ നയം.
10+2 എന്നതിനു പകരം 5+3+3+4 എന്ന മാതൃകയാണ് പുതിയ ശുപാർശയിലുള്ളത്. 1968 ലെ വിദ്യാഭ്യാസ നവനയമായ 10+2 സംവിധാനം മാറ്റിയായിരിക്കും പുതിയ വിദ്യാഭ്യാസ നയം രൂപീകൃതമാകുക.
രാജ്യത്തിന്‍റെ വിദ്യാഭ്യാസമേഖലയിൽ നവീകരണത്തിനുള്ള നിർദ്ദേശവുമായി ദേശീയ വിദ്യാഭ്യാസ നയം. പാഠ്യപദ്ധതിയിൽ പുനർരൂപീകരണം ശുപാർശ ചെയ്യുന്നതിനൊപ്പം പ്രബോധന പദ്ധതിയിലും നവീകരണം ലക്ഷ്യമിടുന്ന നയം വിദ്യാഭ്യാസ അവകാശത്തിന്റെ വിപുലീകരണവും ആവശ്യപ്പെട്ടിട്ടുണ്ട് . ഐ.എസ്.ആർ.ഒ മുൻ തലവൻ കെ കസ്തൂരിരംഗൻ ആണ് നവ വിദ്യാഭ്യാസ നയ കമ്മിറ്റിയുടെ തലവൻ.
10+2 എന്നതിനു പകരം 5+3+3+4 എന്ന മാതൃകയാണ് പുതിയ ശുപാർശയിലുള്ളത്. 1968 ലെ വിദ്യാഭ്യാസ നവനയമായ 10+2 സംവിധാനം മാറ്റിയായിരിക്കും പുതിയ വിദ്യാഭ്യാസ നയം രൂപീകൃതമാകുക. ഇന്നലെയാണ് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്‌റിയാൽ നിശാങ്ക്, സഹമന്ത്രി സഞ്ജയ് ശാംറാവു ധോത്രെ എന്നിവർക്ക് കമ്മിറ്റി ഡ്രാഫ്റ്റ് സമർപ്പിച്ചത്
കഴിഞ്ഞ 50 വർഷമായി 10+2 രീതിയാണ് സ്കൂൾ വിദ്യാഭ്യാസത്തിൽ രാജ്യത്ത് പിൻതുടർന്ന് വരുന്നത്. പുതിയ കാലഘട്ടത്തിൽ തൊഴിലിനും അപ്പുറത്തായി മെച്ചപ്പെട്ട രീതിയിലുള്ള ചിന്തകൾക്ക് പുതിയ കണ്ടുപിടിത്തങ്ങൾ നടത്താൻ പ്രാപ്തമാക്കുന്ന വിധത്തിൽ വിദ്യാഭ്യാസം നവീകരിക്കണമെന്നും കസ്തൂരിരംഗൻ പറഞ്ഞു. അതുകൊണ്ടു തന്നെ നമ്മുടെ വിദ്യാഭ്യാസരംഗത്ത് വ്യക്തമായൊരു ഘടന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ രാജ്യത്ത് ഗ്രേഡുകളും ക്ലാസുകളുമായാണ് 10+2 പഠനം. പ്രൈമറി സ്റ്റേജിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ വരെയും അപ്പർ പ്രൈമറി സ്റ്റേജിൽ ആറുമുതൽ എട്ടുവരെ ക്ലാസുകൾ വരെയും സെക്കണ്ടറി സ്റ്റേജിൽ 9-10 ക്ലാസുകളും ഹയർ സെക്കണ്ടറിയിൽ 11-12 ക്ലാസുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രീ യൂണിവേഴ്സിറ്റി, ഇന്‍റർ മീഡിയറ്റ്, ജൂനിയർ കോളേജ് എന്നിവയും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, പുതിയതായി വരുന്ന സംവിധാനത്തിൽ ഹയർ സെക്കണ്ടറി അഥവാ ജൂനിയർ കോളേജ് ഒഴിവാക്കപ്പെടും. സെക്കണ്ടറി സ്റ്റേജിലെ ഒഴിവാക്കാൻ പറ്റാത്ത ഭാഗമായി 11, 12 ക്ലാസുകൾ പരിഗണിക്കപ്പെടും. പുതിയ വിദ്യഭ്യാസ നയത്തിൽ പ്രായത്തിന് അനുസരിച്ചാണ് സ്റ്റേജുകൾ വേർതിരിക്കുന്നത്. മൂന്നു മുതൽ എട്ടുവരെ പ്രായത്തിലുള്ള കുട്ടികളായിരിക്കും ഒന്നാമത്തെ സ്റ്റേജിൽ ഉൾപ്പെടുക. 8-11 പ്രായം, 11-14 പ്രായം, 14-18 പ്രായം എന്നിങ്ങനെ ആയിരിക്കും അടുത്ത മൂന്നു ഘട്ടങ്ങൾ.
5+3+3+4 എന്ന പുതിയ ഘടന ഇങ്ങനെയായിരിക്കും തയ്യാറാക്കുക
പ്രീ പ്രൈമറി സ്കൂൾ മുതൽ രണ്ടാം ക്ലാസ് വരെയാണ് ഒന്നാമത്തെ ഘട്ടത്തിൽ ഉൾപ്പെടുക. മൂന്ന്, നാല്, അഞ്ച് ഗ്രേഡുകൾ രണ്ടാമത്തെ സ്റ്റേജിലും ആറ്, ഏഴ്, എട്ട് ഗ്രേഡുകൾ അപ്പർ പ്രൈമറിയിലും 9, 10, 11, 12 ഗ്രേഡുകൾ ഹൈ സ്റ്റേജിലും ഉൾപ്പെടും.
ആദ്യത്തെ അഞ്ചു വർഷങ്ങൾ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പഠനം സാധ്യമാകുന്ന വിധത്തിലാണ് തയ്യാറാക്കുക. ഏർലി ചൈൽഡ് ഹുഡ് കെയർ ആൻഡ് എജ്യുക്കേഷൻ എന്ന വിഷയത്തിൽ നടന്ന ഗവേഷണത്തെ ആസ്പദമാക്കി ആയിരിക്കും ഈ ക്ലാസുകളിലെ പാഠ്യഭാഗങ്ങൾ തയ്യാറാക്കുക.സെക്കണ്ടറി സ്റ്റേജിൽ ഓരോ വർഷവും സെമസ്റ്ററുകളായി തരം തിരിക്കും. ആകെ എട്ട് സെമസ്റ്ററുകൾ ആയിരിക്കും സെക്കണ്ടറി സ്റ്റേജിൽ ഉണ്ടായിരിക്കുക. ഓരോ സെമസ്റ്ററിലും വിദ്യാർഥി അഞ്ചു മുതൽ ആറു വരെ വിഷയങ്ങൾ പഠിക്കേണ്ടി വരുമെന്ന് എൻ ഇ പി ഡ്രാഫ്റ്റ് അറിയിച്ചു.
മാനവ വിഭവ ശേഷി വകുപ്പിന്റെ പേര് വിദ്യാഭ്യാസ വകുപ്പെന്ന് മാറ്റാന്‍ നിർദേശിച്ച കമ്മിറ്റി വിദ്യാഭ്യാസ സംബന്ധമായ എല്ലാ പുതിയ പദ്ധതികളും നടപ്പാക്കാൻ ‘രാഷ്ട്രീയ ശിക്ഷാ ആയോഗ്’ എന്ന പേരിൽ പുതിയൊരു ഉന്നതാധികാര ബോഡി ഉണ്ടാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട് .ഒപ്പം ക്ലാസിക് ഭാഷകളുടെ ഉന്നതിക്കും പുരോഗതിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്താനും പാലി, പേർഷ്യൻ, പ്രാകൃത് എന്നീ ഭാഷകളുടെ ഉന്നമനത്തിനു വേണ്ടി മൂന്നു പുതിയ ദേശീയ സ്ഥാപനങ്ങൾ, വിവർത്തനത്തിനും വ്യാഖ്യാനത്തിനുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ലേഷൻ ആൻഡ് ഇന്റർപ്രെട്ടേഷൻ ( ഐ.ഐ.ടി.ഐ) എന്നിവ സ്ഥാപിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട് .പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഡ്രാഫ്റ്റ് ഇവിടെ വായിക്കാം