ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായി

2 മണിക്കൂര്‍ നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വോട്ടെടുപ്പ്. സഭയിലുണ്ടായിരുന്നത് 391 പേര്‍. 311 പേര് അനുകൂലിച്ചു. 80 പേര്‍ എതിര്‍ത്തു

0

ഡൽഹി : പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. 12മണിക്കൂറിലേറെ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ചാണ് ബില്‍ പാസാക്കിയത്. 80ന് എതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസായത് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‍ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള ബില്‍ ലോക്സഭ പാസാക്കി. ഇന്ത്യയിലെ മുസ്ലിംകള്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് ചര്‍ച്ചകള്‍ക്ക് മറുപടി പറയവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ബില്ലിനെ ശക്തമായി എതിര്‍ത്ത പ്രതിപക്ഷത്തിന്‍റെ ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. ഇന്ത്യയുടെ രണ്ടാം വിഭജനമാണ് സര്‍ക്കാർ  നടത്തുന്നതെന്ന് ആരോപിച്ച് ഹൈദരാബാദ് എം.പി അസദുദീന്‍ ഒവൈസി ബില്‍ കീറിയെറിഞ്ഞുപ്രതിക്ഷേധിച്ചു.

12 മണിക്കൂര്‍ നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വോട്ടെടുപ്പ്. സഭയിലുണ്ടായിരുന്നത് 391 പേര്‍. 311 പേര് അനുകൂലിച്ചു. 80 പേര്‍ എതിര്‍ത്തു. ബില്ല് ഭരണഘടന വിരുദ്ധവും തുല്യതയ്ക്കുള്ള അവകാശത്തിന്‍റെ ലംഘനവുമാണെന്ന പ്രതിപക്ഷ ആരോപണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തള്ളി. ബില്ലിനെക്കുറിച്ച് കള്ള പ്രചാരണം നടത്തി കലാപത്തിന് ചിലര്‍ ശ്രമിക്കുന്നുണ്ട്. നുഴഞ്ഞു കയറ്റക്കാര്‍ക്ക് പൗരത്വം നല്‍കി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാനില്ല.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുള്ള ഭരണഘടനാപരമായ പ്രത്യേക അധികാരം നിലനിര്‍ത്തും. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഇന്ത്യ അംഗീകരിക്കില്ല. രാജ്യമാകെ പൗരത്വ റജിസ്റ്റര്‍ നടപ്പാക്കും. നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യയില്‍ ഭരണഘടനയാണ് മതം. ഇന്ത്യ ഒരിക്കലും മതരാഷ്ട്രമാകില്ല. പാക്കിസ്ഥാനും ബംഗ്ലദേശും അഫ്ഗാനിസ്ഥാനും മുസ്ലിം രാഷ്ട്രങ്ങളായതുകൊണ്ടാണ് അവിടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതെന്നും അമിത് ഷാ വിശദീകരിച്ചു. മതത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യം വിഭജിച്ചില്ലായിരുന്നെങ്കില്‍ പൗരത്വ ബില്ലിന്‍റെ ആവശ്യമില്ലായിരുന്നു. മതം നോക്കി ആദ്യം പൗരത്വം നല്‍കിയത് നെഹ്റുവാണ്.

കേരളത്തില്‍ മുസ്‍ലിം ലീഗിനൊപ്പം നില്‍ക്കുകയും മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന്‍റെ മതേതരത്വം എന്താണെന്ന് മനസിലാകുന്നില്ലെന്നും അമിത് ഷാ പരിഹസിച്ചു. അസദുദീന്‍ ഒവൈസി ചര്‍ച്ചയ്ക്കിടെ ബില്‍ കീറിയെറിഞ്ഞു. ബില്ലില്‍ മുസ്‍ലിംകളെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്ന് ബിജെപി സഖ്യകക്ഷിയായ അകാലിദള്‍ ചോദിച്ചു. ബില്ല് മുസ്‍ലിംവിരുദ്ധവും ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന്‍റെ ലംഘനവുമാണെന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി ചൂണ്ടിക്കാട്ടിയത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംരക്ഷിത മേഖലകള്‍ ബില്ലിന്‍റെ പരിധിയില്‍ വരില്ല. നാഗാലാന്‍ഡ്, മണിപ്പുര്‍, മിസോറം, മേഘാലയ എം.പിമാര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ സിക്കിം എം.പി എതിര്‍ത്തു. ബില്‍ പാസായതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത് ഷായെ അഭിനന്ദിച്ചു.

You might also like

-