ദേശീയ പൗരത്വ ഭേദഗതി ബില്‍ നാളെ രാജ്യസഭയില്‍
ലോക്‌സഭയില്‍ ബില്ലിനൊപ്പം നിന്ന ജെ.ഡി.യു രാജ്യസഭയില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്
ഡൽഹി :ലോക്സഭ പാസാക്കിയ ദേശീയ പൗരത്വ ഭേഗഗതി ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും. എന്‍.ഡി.എ അംഗമായ ജെ.ഡി.യു ലോക്‌സഭയില്‍ ഒപ്പം നിന്നെങ്കിലും രാജ്യസഭയില്‍ നിലപാട് മാറ്റാനിടയുണ്ട്. ശിവസേന രാജ്യസഭയില്‍ നിലപാട് മാറ്റുമെന്ന് സൂചനകളുണ്ടെങ്കിലും അനുനയ നീക്കങ്ങളുമായി ബിജെപി- ആര്‍എസ് എസ് നേതൃത്വം സജീവമാണ്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്ന പൗരത്വ ഭേദഗതി ബില്‍ നാളെയാണ് രാജ്യസഭയില്‍ അവതരിപ്പിക്കുക. നിലവിലുള്ള ചിത്രമനുസരിച്ച് എ.ഐ.എ.ഡി.എം.കെ, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ഡി.പി, ശിവസേന എം.പിമാരുടെ പുറമെ നിന്നുള്ള പിന്തുണയുണ്ടെങ്കില്‍ എന്‍.ഡി.എക്ക് ബില്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കാനാവും.
ലോക്‌സഭയില്‍ ബില്ലിനൊപ്പം നിന്ന ജെ.ഡി.യു രാജ്യസഭയില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്. പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവ് പ്രശാന്ത് കിഷോര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ ബില്ലിനെ അനുകൂലിച്ച സ്വന്തം പാര്‍ലമെന്റംഗങ്ങളുടെ നിലപാടിനെ വിമര്‍ശിച്ചു. രാജ്യസഭയില്‍ ബില്ലിനെ പിന്തുണക്കുന്ന കാര്യം പാര്‍ട്ടി പുനരാലോചന നടത്തുന്നതായി സൂചനകളുണ്ട്. അതേസമയം ശിവസേന മുന്നോട്ടു വെച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയാല്‍ മാത്രമേ ബില്ലിനെ പിന്തുണക്കൂ എന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ നിലപാട് കര്‍ക്കശമാക്കി.