നാസയുടെ പെ‍ഴ്സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി.

ചൊവ്വയുടെ അന്തരീക്ഷത്തിൽ 12,100 മൈൽ (19,500 കിലോമീറ്റർ) വേഗതയിൽ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു.

0

വാഷിങ്ടൺ: നാസയുടെ ചൊവ്വാദൗത്യപേടകം പെ‍ഴ്സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 2.25നാണ് ആറു ചക്രങ്ങളുള്ള റോവർ വിജയകരമായി ചൊവ്വയിലിറങ്ങിയത്. ചൊവ്വയുടെ അന്തരീക്ഷത്തിൽ 12,100 മൈൽ (19,500 കിലോമീറ്റർ) വേഗതയിൽ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു.ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്താനാണ് നാസയുടെ ഈ ദൗത്യം. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണ് പെ‍ർസെവറൻസ് ചുവന്ന ഗ്രഹത്തിലെത്തിയത്. 2020 ജൂലായ് 30ന് ഫ്ലോറിഡയിലെ നാസയുടെ യു എൽ എ അറ്റ്‌ലസ് 541ൽ നിന്നാണ് ദൗത്യം ആരംഭിച്ചത്‌. ഇന്‍ജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും റോവര്‍ വഹിക്കുന്നുണ്ട്. 300 കോടി ഡോളറാണ്‌ ദൗത്യത്തിന്റെ ആകെ ചെലവ്.അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച ശേഷം 1300 ഡിഗ്രി ഉയർന്ന താപനില ദൗത്യപേടകത്തി‍ൽ ഉടലെടുത്തെങ്കിലും താപകവചം അതിനെ ചെറുത്തു. അന്തരീക്ഷമർദ്ദം മാറുന്നതനുസരിച്ച് ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് പേടകം സ്ഥിരത നിലനിർത്തി. വേഗം മണിക്കൂറിൽ 1600 കി.മീ. ആയതോടെ പേടകത്തിന്റെ പാരഷൂട്ടുകൾ തുറന്നു. തുടർന്ന് ഇറങ്ങേണ്ട സ്ഥലം കൃത്യമായി നിരീക്ഷിച്ചു.
ഇറങ്ങുന്നതിന് 12 സെക്കൻഡ് മുൻപായി ‘സ്കൈ ക്രെയ്ൻ മനൂവർ’ ഘട്ടം തുടങ്ങി. റോവറിനെ വഹിച്ച്, റോക്കറ്റ് എൻജിനുകൾ ഘടിപ്പിച്ച ഒരു ഭാഗം പേടകത്തിൽ നിന്നു വേർപെട്ട് സ്ഥിരത നേടിയ ശേഷം കേബിളുകളുടെ സഹായത്താൽ റോവറിനെ താഴേക്കിറക്കി. തുടർന്ന് കേബിളുകൾ വേർപെട്ടു. റോവർ വഹിക്കുന്ന ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലിക്കോപ്റ്റർ അനുയോജ്യമായ സമയത്ത് പറത്തും.

പ്ലൂട്ടോണിയം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പെ‍ഴ്സെവറൻസിന് 2 മീറ്റർ ഭുജം ഉപയോഗിച്ച് താഴേക്ക് തുരക്കാനും പാറക്കഷ്ണങ്ങൾ ശേഖരിക്കാനും കഴിയും. നീളം- 3.048 മീറ്റർ, ഉയരം- 2.13, ഭാരം- 1025 കി.ഗ്രാം. ഇൻജെന്യുയിറ്റി എന്ന ചെറു ഹെലികോപ്റ്ററിന് 1.8 കിലോ ഗ്രാം ഭാരവും 0.49 മീറ്റർ ഉയരവുമാണുള്ളത്. സൗരോർജം ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. ക്യാമറകളും നാവിഗേഷൻ സെൻസറുകൾ അടക്കമുള്ളവയുമുണ്ട്,ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്‌സെവറന്‍സ്. സോജണര്‍, ഓപ്പര്‍ച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവ നേരത്തെ വിജയകരമായി ചൊവ്വ തൊട്ടിരുന്നു.

You might also like

-