റോബര്‍ട്ട് വദ്ര അഞ്ച് വര്‍ഷത്തിനുള്ളില്‍ ജയിലഴിക്കുള്ളിലാവുമെന്ന് നരേന്ദ്രമോദി.
അനധികൃത ഭൂമിയിടപാട് കേസുകളിലും സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിലും അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ് റോബര്‍ട്ട് വദ്ര.
ഫത്തേബാദ്: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര അഞ്ച് വര്‍ഷത്തിനുള്ളില്‍ ജയിലഴിക്കുള്ളിലാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വദ്രയുടെ പേരെടുത്ത് പറയാതെയായിരുന്നു മോദിയുടെ പ്രസ്‌താവന.
“ഈ ചൗക്കിദാര്‍, കര്‍ഷകരെ കൊള്ളയടിച്ച ആ വ്യക്തിയെ കോടതിയിലേക്ക് എത്തിച്ചതാണ്. അദ്ദേഹം ജാമ്യത്തിന് വേണ്ടി ആദായനികുതിവകുപ്പിലും കോടതികളിലും കയറിയിറങ്ങുകയാണ്. സ്വയം ഷഹന്‍ഷാ ആണെന്നാണ് അദ്ദേഹം വിചാരിച്ചിരുന്നത്, ഇപ്പോള്‍ ഭയപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ഞാനദ്ദേഹത്തെ ജയില്‍ വാതില്‍ വരെയെത്തിച്ചുകഴിഞ്ഞു. ആശംസകള്‍ നല്‍കി അഞ്ചുവര്‍ഷത്തിനകം ഞാന്‍ അദ്ദേഹത്തെ ജയിലഴിക്കുള്ളിലാക്കും.” ഹരിയാനയിലെ ഫത്തേബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു. അദ്ദേഹം റോബര്‍ട്ട് വദ്രയെ മുമ്പൊരിക്കലും ഷഹന്‍ഷാ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
അനധികൃത ഭൂമിയിടപാട് കേസുകളിലും സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിലും അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ് റോബര്‍ട്ട് വദ്ര. ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ഉത്തരവിട്ടതിന്‍പ്രകാരം നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല.