നരേന്ദ്രമോദി കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തി സുപ്രിയ സുളെ

ശരദ്പവാറുമായുള്ള കൂടിക്കാഴ്ചയിലാണ് മോദിയുടെ വാഗ്ദാനമെന്ന് സുളെ വെളിപ്പെടുത്തി

0

മുംബൈ :പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നെന്ന് എൻസിപി നേതാവും എംപിയുമായ സുപ്രിയ സുളെ. ശരദ്പവാറുമായുള്ള കൂടിക്കാഴ്ചയിലാണ് മോദിയുടെ വാഗ്ദാനമെന്ന് സുളെ വെളിപ്പെടുത്തി.അതേസമയം, എൻസിപിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും താൻ വാഗ്ദാനം നിരസിക്കുകയായിരുന്നെന്നും പാർട്ടി അധ്യക്ഷൻ ശരദ് പവാർ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഒരുമിച്ചു നീങ്ങാമെന്നു മോദി തന്നോടു പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള വ്യക്തിപരമായ സൗഹൃദം നിലനിൽക്കുമെന്നും എന്നാൽ ഒന്നിച്ചു പ്രവ‍ർത്തിക്കാനാകില്ലെന്നും താൻ തീർത്തു പറഞ്ഞു- മറാഠി വാർത്താ ചാനൽ അഭിമുഖത്തിൽ പവാർ പറഞ്ഞു.

തന്നെ രാഷ്ട്രപതിയാക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തെന്ന പ്രചാരണം എൻസിപി അധ്യക്ഷൻ തള്ളി. അതേസമയം, മകൾ സുപ്രിയ സുളെയ്ക്ക് കേന്ദ്രമന്ത്രിപദം നൽകാമെന്നു വാഗ്ദാനമുണ്ടായിരുന്നു. ഫഡ്നാവിസിനൊപ്പം അജിത് പവാർ സത്യപ്രതിജ്ഞ ചെയ്ത വിവരം അറിഞ്ഞയുടൻ താൻ ആദ്യം വിളിച്ചത് ഉദ്ധവ് താക്കറെയെയാണ്. അജിത് ചയ്തതു തെറ്റാണെന്നും ആ നീക്കം താൻ ഇല്ലാതാക്കുമെന്നുമാണ് ഉദ്ധവിനെ അറിയിച്ചത്.

അജിത്തിന് തന്റെ പിന്തുണയില്ലെന്ന് മനസ്സിലായതോടെ അദ്ദേഹത്തോടൊപ്പം പോയ എംഎൽഎമാർ സമ്മർദത്തിലായി. പവാർ കുടുംബത്തിലെ ആരെങ്കിലും അജിത്തിനെ അനുനയിപ്പിക്കാൻ ശ്രമിച്ചോയെന്ന് തനിക്ക് അറിയില്ല. എന്നാൽ, അജിത് ചെയ്തത് തെറ്റാണ് എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. ഇത്തരം നിലപാട് എടുക്കുന്നവർക്ക് മാപ്പില്ലെന്നും എല്ലാ പ്രത്യാഘാതങ്ങളും സ്വയം അനുഭവിക്കേണ്ടിവരുമെന്നും താൻ പിന്നീട് അജിത്തിനെ അറിയിച്ചു.

You might also like

-