കുട്ടിസാര്‍: ജാതി-മത അതിര്‍വരമ്പുകള്‍ പൊളിച്ചടുക്കിയ മഹദ് വ്യക്തിത്വം

0

ഗാര്‍ലന്റ്(ഡാളസ്): മതത്തിന്റേയോ, ജാതിയുടെയോ പേരിലല്ല മറിച്ച് മനുഷ്യനായി അറിയപ്പെടുവാന്‍ ആഗ്രഹിക്കുകയും, ജാതിമത അതിര്‍വരമ്പുകള്‍ പൊളിച്ചടുക്കുന്നതിന് അന്ത്യം വരെ പോരാടുകയും ചെയ്ത മഹത് വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന അന്തരിച്ച ‘കുട്ടിസാര്‍’ എന്നറിയപ്പെട്ടിരുന്ന നാരായണന്‍കുട്ടി നായരെന്ന് അദ്ദേഹത്തിന്റെ ദീര്‍ഘകാല സുഹൃത്തും ഡാളസ് കേരള അസ്സോസിയേഷന്‍ സ്ഥാപകരില്‍ ഒരാളും, മുന്‍ പ്രസിഡന്റുമായിരുന്ന എബ്രഹാം മാത്യു അഭിപ്രായപ്പെട്ടു.

ഡാളസ് കേരള അസ്സോസിയേഷന്‍ പ്രസിഡന്റും, ഡാളസ് ഫോര്‍ട്ട് വര്‍ത്ത് സാമൂഹ്യ സാംസ്ക്കാരിക സാഹിത്യരംഗത്തെ സജ്ജീവ സാന്നിധ്യവുമായിരുന്ന കുട്ടിസാറിന്റെ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു എബ്രഹാം മാത്യു.

മെയ് 12 ഞായറാഴ്ച വൈകീട്ട് ഡാളസ് കേരള അസ്സോസിയേഷന്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ പ്രസിഡന്റ് റോയ് കൊടുവത്ത് സ്വാഗതം ആശംസിച്ചു.

അസ്സോസിയേഷന്‍ പ്രവര്‍ത്തനങ്ങളെ ശരിയായദിശയില്‍ നയിക്കുന്നതിന് നേതൃത്വം നല്‍കുന്ന ഐ.വര്‍ഗീസ് കുട്ടിസാറും കുടുംബാംഗങ്ങളുമായി ദീര്‍ഘവര്‍ഷങ്ങളായുള്ള ഊഷ്മള ബന്ധത്തെകുറിച്ചു അനുസ്മരിച്ചു. ഒരേ സമയം അസ്സോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ തുടക്കമിടുകയും തുടര്‍ന്ന് ദീര്‍ഘകാലം നേതൃത്വം കൊടുക്കുകയും ചെയ്ത കുട്ടിസാറിന്റെ വിയോഗം വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ സാമൂഹ്യ സാംസ്ക്കാരിക സാഹിത്യ സംഘടനകളെ പ്രതിനിധീകരിച്ചു ജോസ് ഓച്ചാലില്‍, എ.വി. തോമസ്, ടി.പി.മാത്യു, എ.വി.ജോര്‍ജ്, ജോര്‍ജ് ജോസഫ് വിലങ്ങോലില്‍, സിജു ജോര്‍ജ്, ഗോപാല പിള്ള, തുടങ്ങി നിരവധി പേര്‍ തങ്ങളുടെ സ്മരണകള്‍ പങ്കുവെച്ചു. നാരായണന്‍ കുട്ടിയുടെ മക്കളായ വിനീത, അനിത എന്നിവര്‍ കുടുംബസമേതം അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു. ഐപ്പ് സക്കറിയ, രാജന്‍ ഐസക്ക്, പി.ടി.സെബാസ്റ്റ്യന്‍, കെ.എച്ച്. ഹരിദാസ്, പീറ്റര്‍ നെറ്റോ, പി.പി.സൈമണ്‍, അനശ്വര്‍ മാമ്പിള്ളി, പ്രദീപ് നാഗന്തൂലില്‍ തുടങ്ങിയ പ്രമുഖരും അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു. സെക്രട്ടറി ദാനിയേല്‍ കുന്നേല്‍ നന്ദി പറഞ്ഞു.

You might also like

-