മുത്തൂറ്റ് ഫിനാന്‍സില്‍ കവര്‍ച്ച; മലയാളി വെടിയേറ്റ് മരിച്ചു

സ്ഥാപനത്തിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സാജു സാമുവലാണ് കൊല്ലപ്പെട്ടത്

0

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ മൂത്തൂറ്റ് ഫിനാന്‍സില്‍ ഉണ്ടായ കവര്‍ച്ചയില്‍ ഒരു മലയാളി കൊല്ലപ്പെട്ടു. സ്ഥാപനത്തിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സാജു സാമുവലാണ് കൊല്ലപ്പെട്ടത്.മുഖം മൂടി ഇട്ട് എത്തിയ കവര്‍ച്ചാ സംഘം ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഒരു മലയാളി അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല.

ബൈക്കിലാണ് മൂന്നംഗസംഘം മുത്തൂറ്റ് ഫിനാൻസ് ഓഫീസിലെത്തിയത്. സ്ഥാപനത്തിൽ ഓഡിറ്റിംഗ് നടപടികൾ പുരോഗമിക്കുകയായിരുന്നു അപ്പോൾ. ഇതിനിടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി തോക്ക് ചൂണ്ടിയ അക്രമികൾ ജീവനക്കാരുടെ മൊബൈൽ ഫോണും സ്വർണാഭരണങ്ങളും ചോദിച്ചു വാങ്ങി. ഇതിനിടെയാണ് സാജു സാമുവലിന് വെടിയേറ്റത്. തലയ്ക്ക് പിറകിലാണ് സാജുവിന് വെടിയേറ്റത്. സാജു തൽക്ഷണം മരിച്ചു.

നാട്ടിൽ നിന്ന് ഓഡിറ്റിംഗിനെത്തിയതായിരുന്നു സാജു സാമുവൽ. മുത്തൂറ്റ് ഫൈനാൻസിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്നു.

മൂന്നംഗ അക്രമി സംഘം മുത്തൂറ്റ് ഓഫീസിലെത്തിയ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചുവന്ന ടീ ഷർട്ട് ധരിച്ച ഒരു യുവാവ് ഓടിച്ച ബൈക്കിന് പിന്നിൽ കറുത്ത ഷർട്ടിട്ട മറ്റൊരാൾ ഇരിക്കുന്നത് കാണാം. ചെക്ക് ഷർട്ടിട്ട മറ്റൊരാൾ ഇതിന് പിന്നിൽ ഇരിക്കുന്നുണ്ടായിരുന്നു.

മൂന്നാമൻ മുഖം മറച്ചുകൊണ്ടാണ് മുത്തൂറ്റ് ഓഫീസിലേക്ക് കയറുന്നത്. സിസിടിവി ദൃശ്യങ്ങളിലാണ് അക്രമികളുടെ മുഖം വ്യക്തമായി പതിഞ്ഞിരിക്കുന്നത്. ഈ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച പൊലീസ് ഉടൻ തന്നെ അക്രമികളെ പിടികൂടുമെന്ന് വ്യക്തമാക്കി.

You might also like

-