തിരുവനന്തപുരം പോത്തൻകോട് മുസ്ലിം ലീഗ്- പിഡിപി പ്രവർത്തകർ ഏറ്റുമുട്ടി
യൂത്ത് ലീഗും പി.ഡി.പി പ്രവർത്തകരും ഏറ്റുമുട്ടി. ഒരു പൊലീസുകാരനും അഞ്ച് യൂത്ത് ലീഗ് പ്രവർത്തകർക്കും അഞ്ച് പി.ഡി.പി പ്രവർത്തകർക്കും പരിക്കേറ്റു.
തിരുവനന്തപുരം :കണിയാപുരം ജംഗ്‌ഷനിൽ യൂത്ത് ലീഗും പി.ഡി.പി പ്രവർത്തകരും ഏറ്റുമുട്ടി. ഒരു പൊലീസുകാരനും അഞ്ച് യൂത്ത് ലീഗ് പ്രവർത്തകർക്കും അഞ്ച് പി.ഡി.പി പ്രവർത്തകർക്കും പരിക്കേറ്റു. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്രീജിത്ത് (36), പി.ഡി.പി ജില്ലാ സെക്രട്ടറി അഷറഫ് നഗരൂർ, പി.ടി.യു.സി തിരുവനന്തപുരം മണ്ഡലം സെക്രട്ടറി സിദ്ധിക്ക്, പി.ഡി.പി പ്രവർത്തകരായ പൂവച്ചൽ സുധീർ, ഇടുക്കി നിസാം, ഷബീർ എന്നിവർക്കും പത്തനംതിട്ട, മലപ്പുറം സ്വദേശികളായ അഞ്ച് യൂത്ത് ലീഗ് പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.
ഇവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.15 നായിരുന്നു സംഭവം. യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാർച്ചിനോടനുബന്ധിച്ച് മലപ്പുറം, കൊല്ലം ജില്ലകളിൽ നടന്ന യോഗങ്ങളിൽ പി.ഡി.പി നേതാവ് അബ്ദുൾനാസർ മഅ്ദനിയെക്കുറിച്ച് മോശം പരാമർശം നടത്തിയതിൽ പ്രതിഷേധിച്ച് കണിയാപുരത്ത് പി.ഡി.പി പോത്തൻകോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പ്രകടനത്തിന് നേരെ വാഹനത്തിലെത്തിയ ഇരുപതോളം യൂത്ത് ലീഗ് പ്രവർത്തകർ പ്രതികരിച്ചതാണ് സംഘർഷത്തിന് കാരണം. ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റം അക്രമത്തിൽ കലാശിക്കുകയായിരുന്നു. കഴക്കൂട്ടം, കഠിനംകുളം, മംഗലപുരം, പോത്തൻകോട് സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
കഴക്കൂട്ടത്ത് മുസ്ലിം ലീഗ്- പിഡിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തെ തുടര്‍ന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ശബ്ദസന്ദേശം മുഖേന പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി . അവധി ദിവസത്തില്‍ ജാഥയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ചില അസ്വസ്ഥതകള്‍ ഉണ്ടായതില്‍ ഖേദിക്കുന്നു. സംഭവത്തെ അപലപിക്കുന്നതായും മദനി സന്ദേശത്തില്‍ പറയുന്നു. ഫാസിസ്റ്റുകള്‍ക്ക് വളംവെച്ച് കൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പിഡിപിയുടെ ഭാഗത്തുനിന്നുണ്ടാകില്ല എന്ന് നാം ഉറപ്പുവരുത്തണം , വാട്സ് ആപ്പില്‍ പ്രചരിക്കുന്ന പോസ്റ്ററുകളും മറ്റ് പ്രചരണങ്ങളും പിഡിപിയുമായി ബന്ധമുള്ളതല്ല.