പ്രണയത്തിന് തടസ്സം നിന്ന അമ്മയെക്കൊന്ന് കുളത്തിൽ തള്ളി പെണ്മക്കൾ
ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ ശ്രേയ കാമുകന്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തിയെന്നാണ് കുറ്റ സമ്മതം നടത്തിയത്.റായ്ഗഞ്ചിലെ പുർബ പ്രൈമറി സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയ കൽപന ദെ സര്‍ക്കാരിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മക്കളായ ശ്രേയ (18), റിഥിക (19) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജിയാഗഞ്ചിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത് . ഇക്കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് അൻപത്തിമൂന്നുകാരിയായ കൽപനയെ കാണാതാകുന്നത്. എന്നാൽ അമ്മയെ കാണാനില്ലാതെ ആയിട്ടും പരാതി നൽകാൻ മക്കൾ തയ്യാറായിരുന്നില്ല. അമ്മാവന്റെ വീട്ടിൽ പോയാതായിരിക്കുമെന്നും ഉടൻ തന്നെ തിരികെയെത്തുമെന്നാണ് കരുതിയതെന്നുമാണ് പൊലീസ് പിടിയിലാകുന്നതിന് മുമ്പ് ശ്രേയ പറഞ്ഞിരുന്നത്. എന്നാൽ ചോദ്യം ചെയ്യലിനിടെ ഇവർ കരഞ്ഞുകൊണ്ട് കുറ്റം സമ്മതം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ ശ്രേയ കാമുകന്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തിയെന്നാണ് കുറ്റ സമ്മതം നടത്തിയത്.റായ്ഗഞ്ചിലെ പുർബ പ്രൈമറി സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയ കൽപന ദെ സര്‍ക്കാരിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മക്കളായ ശ്രേയ (18), റിഥിക (19) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
ശ്രേയയുടെ പ്രണയബന്ധത്തിന് എതിരു നിന്ന കൽപ്പന, മക്കളുടെ സുഹൃത്തുക്കൾ വീട്ടിലെത്തുന്നതും ശക്തമായി എതിർത്തിരുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് അമ്മയും മക്കളും തമ്മിലുള്ള ബന്ധം വഷളായതെന്നാണ് പൊലീസ് ഭാഷ്യം. സഹോദരിയുടെയും കാമുകന്റെയും സഹായത്തോടെ ശ്രേയ തന്നെയാണ് അരക്കല്ലുപയോഗിച്ച് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തിയത്. മൃതദേഹം കുറച്ചകലെയായുള്ള കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. സഹോദരിമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹം പിന്നീട് പൊലീസ് കണ്ടെടുത്തു.കൊലക്കുറ്റത്തിന് സഹോദരിമാരെ അറസ്റ്റ് ചെയ്ത പൊലീസ് ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവിനായി തെരച്ചിൽ നടത്തുന്നുണ്ട്. സ്വന്തം പെൺമക്കൾ തന്നെ അമ്മയെ കൊലപ്പെടുത്തിയത് വിശ്വസിക്കാനാവുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇവർക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
മരിക്കുന്നതിന് മുൻപ് പലതവണ പെൺമക്കൾ മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിക്കുന്നുവെന്ന് കല്‍പ്പന പലതവണ പരാതി പറഞ്ഞിട്ടുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്. പൊലീസിൽ പരാതി നൽകാൻ പറഞ്ഞിരുന്നുവെങ്കിലും മക്കളോടുള്ള അടുപ്പവും സ്നേഹവും കാരണം ഇതിനവർ തയ്യാറായില്ലെന്നും പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്