വട്ടിയൂർ കാവിൽ സഹോദരിയായ പത്മജ വേണുഗോപാലിനെ പരിഗണിക്കേണ്ടതില്ലെന്ന് കെ മുരളീധരന്‍
'എന്‍റെ പേര് ടിവിയിൽ കേട്ടു എന്നല്ലാതെ എന്നോടാരും വട്ടിയൂർക്കാവിൽ മത്സരിക്കുന്ന കാര്യം ചോദിക്കുകയോ, ഞാനാരോടും പറയുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ കുറച്ചുകാലമായി ഞാൻ തൃശ്ശൂർ കേന്ദ്രമാക്കി പ്രവർത്തിച്ചു വരികയാണ്
തൃശ്ശൂർ: കെ മുരളീധരൻ എംഎല്‍എയായിരുന്ന വട്ടിയൂര്‍ക്കാവില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സഹോദരിയായ പത്മജ വേണുഗോപാലിനെ പരിഗണിക്കേണ്ടതില്ലെന്ന് കെ മുരളീധരന്‍ എംപി. അങ്ങനെ വന്നാൽ കുടുംബാധിപത്യമെന്ന ആരോപണം വരും. എന്നാൽ താൻ ആരോടും സീറ്റ് ചോദിച്ചിട്ടില്ലെന്നും കെ മുരളീധരന്‍റെ പ്രസ്താവന എന്തുകൊണ്ടാണിങ്ങനെ എന്ന് മനസ്സിലായില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു
”എന്‍റെ പേര് ടിവിയിൽ കേട്ടു എന്നല്ലാതെ എന്നോടാരും വട്ടിയൂർക്കാവിൽ മത്സരിക്കുന്ന കാര്യം ചോദിക്കുകയോ, ഞാനാരോടും പറയുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ കുറച്ചുകാലമായി ഞാൻ തൃശ്ശൂർ കേന്ദ്രമാക്കി പ്രവർത്തിച്ചു വരികയാണ്. തിരുവനന്തപുരത്താണ് പഠിച്ചുവളർന്നത് എന്നതുകൊണ്ട്, അവിടത്തെ പ്രവർത്തകരുമായൊക്കെ എനിക്ക് നല്ല ബന്ധമാണുള്ളത്. അങ്ങനെ വന്നതായിരിക്കാം പേര് എന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. പേര് വന്നതിൽ സന്തോഷം. പക്ഷേ, ആരും ഇതുവരെ എന്നോട് ഇക്കാര്യം സംസാരിച്ചിട്ടേയില്ല”, പത്മജ പറഞ്ഞു.
വട്ടിയൂർക്കാവിൽ മത്സരിക്കേണ്ടതില്ലെന്ന് കെ മുരളീധരൻ പറഞ്ഞത് എന്ത് സാഹചര്യത്തിലാണെന്നറിയില്ലെന്നാണ് പത്മജ പറയുന്നത്. ”അത് മുരളിയേട്ടനോട് തന്നെ ചോദിക്കണം, എന്തുകൊണ്ടാ ഇങ്ങനെ പറഞ്ഞതെന്ന്”, എന്ന് പത്മജ പറയുന്നു. ”സമാധാനത്തോടെ എന്‍റെ പ്രവർത്തനമണ്ഡലമായ തൃശ്ശൂരിൽ രാഷ്ട്രീയപ്രവർത്തനം നടത്തുന്നയാളാണ് ഞാൻ. പക്ഷേ, വട്ടിയൂർക്കാവിലാണ് ഞാൻ ജീവിച്ചതും, തിരുവനന്തപുരത്താണ് പഠിച്ചതും. അവിടെയുള്ളവരെയെല്ലാം എനിക്ക് നന്നായി അറിയാം. കുടുംബാധിപത്യം എന്ന് മുരളിയേട്ടൻ പറഞ്ഞതെന്ത് അടിസ്ഥാനത്തിലാണെന്ന് എനിക്ക് മനസ്സിലായില്ല. അതൊന്നും ഇന്നത്തെ കാലത്ത് വലിയ കാര്യമൊന്നുമല്ല. അതുകൊണ്ടൊന്നുമല്ല. ഞാൻ വേറെ ഒരു വ്യക്തിയാണ്. എനിക്ക് എന്‍റേതായ വ്യക്തിത്വമുണ്ട്”, എന്ന് പദ്മജ. എനിക്ക് തീരെ അറിയാത്ത കാര്യമാണ്. വെറുതെ എന്‍റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. നമുക്ക് മനഃസ്സമാധാനമാണല്ലോ വലുത് – പദ്മജ പറയുന്നു.