മതതീവ്രവാദ ശക്തികളോട് സിപിഎം സ്വീകരിക്കുന്ന മൃദു സമീപനത്തിന്‍റെ ഇരയാണ് മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവെന്ന് എം എസ് കുമാർ

0

തിരുവനന്തപുരം: മതതീവ്രവാദ ശക്തികളോട് സിപിഎം സ്വീകരിക്കുന്ന മൃദു സമീപനത്തിന്‍റെ ഇരയാണ് മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവെന്ന് ബിജെപി സംസ്ഥാന വക്താവ് എം എസ് കുമാർ. സിപിഎമ്മിന്‍റെ എസ് ഡിപിഐ വിരോധം പ്രസ്താവനയിൽ മാത്രമായി ഒതുങ്ങുകയാണ്. അധികാരം കിട്ടാൻ ഏത് ചെകുത്താനേയും സിപിഎം കൂട്ടുപിടിക്കുമെന്നുള്ളതിന്‍റെ തെളിവാണ് തിരുവനന്തപുരം വെമ്പായം പഞ്ചായത്തിൽ എസ് ഡിപിഐ പിന്തുണയോടെയുള്ള ഭരണം. അഭിമന്യുവിന്‍റെ ജീവന് അൽപ്പമെങ്കിലും വില കൽപ്പിക്കുന്നുണ്ടെങ്കിൽ ഈ സഖ്യം അവസാനിപ്പിക്കാൻ സിപിഎം തയ്യാറാകണം. ഐഎസ്ഐഎസിന്‍റെ ഇന്ത്യൻ പതിപ്പാണ് പോപ്പുലർ ഫ്രണ്ടെന്ന് നേരത്തെ തന്നെ ബിജെപി ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ അന്ധമായ ബിജെപി വിരോധം മൂലം അവരെ പാലൂട്ടി വളർത്താനാണ് സിപിഎമ്മും കോൺഗ്രസും തയ്യാറായത്. അതിന്‍റെ ഫലമായാണ് ഇരു മുന്നണികളിലും പോപ്പുലർഫ്രണ്ട് പ്രവർത്തകർ നുഴഞ്ഞു കയറിയത്. വാട്സാപ്പ് വഴിയുള്ള ഹർത്താലും അതിന്‍റെ മറവിൽ നടന്ന തീവ്രവാദ പ്രവർത്തനങ്ങള്‍ക്കും അറസ്റ്റിലായതും ഇടത് വലത് മുന്നണികളിലെ പ്രവർത്തകരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബിജെപിയെ എതിർക്കേണ്ടത് തീവ്രവാദികളെ കൂട്ടു പിടിച്ചുകൊണ്ടല്ലെന്ന് ഇരുമുന്നണികളും മനസ്സിലാക്കണം. ഇല്ലായെങ്കിൽ ചിന്താശേഷിയുള്ള അണികള്‍ ഇതു മനസ്സിലാക്കി രംഗത്തെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You might also like

-