എം ആർ അജിത് കുമാറിനെ പൊലീസിൻ്റെ കായിക ചുമതലയിൽ നിന്ന് മാറ്റി; പകരം എസ് ശ്രീജിത്തിന് ചുമതല

ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ പങ്കെടുത്തിട്ടില്ലാത്ത കായിക താരത്തിന് നിയമനം നൽകണമെന്നായിരുന്നു ഉന്നതങ്ങളിൽ നിന്നുള്ള നിര്‍ദ്ദേശം. വിവാദം ഭയന്ന് അജിത് കുമാര്‍ റിക്രൂട്ട്മെന്‍റിന് തയ്യാറായിരുന്നില്ല

തിരുവനന്തപുരം| സ്പോര്‍ട്സ് ക്വാട്ട നിയമനത്തിൽ ബോഡി ബിൽഡേഴ്‌സിനെ കൂടുതലായി ഉൾപ്പെടുത്തിയെന്ന ആരോപണത്തെത്തുടർന്നു പൊലീസിലെ കായിക ചുമതലയിൽ മാറ്റം വരുത്തി ഉത്തരവിറക്കി സർക്കാർ . കേരള പൊലീസ് സെന്‍ട്രൽ സ്പോര്‍ട് ഓഫീസര്‍ ചുമതലയിൽ നിന്ന് എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റി. പകരം എഡിജിപി എസ് ശ്രീജിത്തിനാണ് ചുമതല. കണ്ണൂര്‍ സ്വദേശിയായ വോളിബോള്‍ താരത്തെ സിവിൽ പൊലീസ് ഓഫീസര്‍ തസ്തികയിൽ ചട്ടവിരുദ്ധമായി നിയമിക്കാനുള്ള നീക്കത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ചുമതല മാറ്റത്തിൽ കലാശിച്ചത്. സെൻട്രൽ സ്പോർട്സ് ഓഫീസറാണ് സ്പോർട്സ് ക്വാട്ടയിലെ നിയമനങ്ങളുടെ ഫയൽ നീക്കം നടത്തേണ്ടത്. നേരത്തെ രണ്ട് ബോഡി ബിൽഡർ താരങ്ങളെ പൊലീസ് ഇൻസ്പെക്ടർ റാങ്കിൽ നിയമിക്കാൻ തീരുമാനമുണ്ടായിരുന്നു. ഇതിൽ ആഭ്യന്തര വകുപ്പ് ഡിജിപിക്ക് കത്ത് അയക്കുകയും ചെയ്തു. കത്തിൽ മാനദണ്ഡങ്ങളിൽ ഇളവു വരുത്തികൊണ്ട് നിയമനം നടത്തണമെന്ന നിർദേശം നൽകുകയും ചെയ്തിരുന്നു.

ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ പങ്കെടുത്തിട്ടില്ലാത്ത കായിക താരത്തിന് നിയമനം നൽകണമെന്നായിരുന്നു ഉന്നതങ്ങളിൽ നിന്നുള്ള നിര്‍ദ്ദേശം. വിവാദം ഭയന്ന് അജിത് കുമാര്‍ റിക്രൂട്ട്മെന്‍റിന് തയ്യാറായിരുന്നില്ല. അവധിയിൽ പോയ അജിത് കുമാര്‍ സ്പോര്‍ട്സ് ഓഫീസര്‍ ചുമതല മാറ്റണമെന്നാവശ്യപ്പെട്ട് കത്തും നൽകിയിരുന്നു. എസ് ശ്രീജിത്ത് താല്‍ക്കാലിക ചുമതല നൽകിയെങ്കിലും അദ്ദേഹവും റിക്രൂട്ട്മന്‍റ് നടത്തിയില്ല. രണ്ട് ബോഡി ബിൽഡിങ് താരങ്ങള്‍ക്ക് അംഡ് പൊലീസ് ഇന്‍സ്പെക്ടര്‍മാരായി സൂപ്പര്‍ ന്യൂമറി തസ്തികയിൽ നിയമനം നൽകാനുള്ള മന്ത്രിസഭ തീരുമാനവും വിവാദമായതിനിടെയാണ് സ്പോര്‍ട്സ് ഓഫീസര്‍ ചുമതല മാറ്റം. ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയിൽ പൊലീസിൽ നിയമനം നൽകുന്നത്.പല കായിക താരങ്ങളെയും ഒഴിവാക്കികൊണ്ടാണ് ബോഡി ബിൽഡിങ് താരങ്ങളെ നിയമിക്കുന്നത് എന്ന രീതിയിലുളള വാർത്തകൾ വന്നത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് എം ആർ അജിത് കുമാറിനെ മാറ്റിയത്

You might also like

-