എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയേക്കും
മൂന്ന് ദിവസം മുന്‍പ് ഉന്നത തലയോഗം ചേര്‍ന്ന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് തീരുമാനം എടുത്തിരുന്നെന്നും അതില്‍ എഡിജിപി പങ്കെടുത്തിരുന്നു എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രശ്‌ന ബാധിത മേഖലയില്‍ നിന്ന് പ്രശ്‌നം ഉണ്ടായപ്പോള്‍ മാറി നിന്നു എന്ന നിലയിലാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്.
തിരുവനതപുരം | എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയേക്കും. തൃശൂര്‍ പൂരം നടത്തിപ്പില്‍ വീഴ്ചയുണ്ടായെന്ന ഡിജിപിയുടെ കണ്ടെത്തലിലാണ് നടപടി. അന്വേഷണം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് ഇന്ന് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറും.എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പൂരം ദിവസം അദ്ദേഹം തൃശൂരില്‍ ഉണ്ടായിരുന്നു. പക്ഷേ പുലര്‍ച്ചെ മൂന്നരയോടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മൂകാംബികയിലേക്ക് പോവുകയാണ് ചെയ്തത്. മൂകാംബിക സന്ദര്‍ശനം നേരത്തെ നിശ്ചയിച്ചിരുന്നതാണെന്നാണ് എഡിജിപി നല്‍കുന്ന വിശദീകരണം. എന്നാല്‍ എഡിജിപി തൃശൂരില്‍ ഉള്ള സാഹചര്യത്തില്‍ കാര്യങ്ങള്‍ നോക്കി നടത്തുന്നതിന് മറ്റ് ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നില്ലെന്നാണ് ഡിജിപി പറയുന്നത്. മൂന്ന് ദിവസം മുന്‍പ് ഉന്നത തലയോഗം ചേര്‍ന്ന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് തീരുമാനം എടുത്തിരുന്നെന്നും അതില്‍ എഡിജിപി പങ്കെടുത്തിരുന്നു എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രശ്‌ന ബാധിത മേഖലയില്‍ നിന്ന് പ്രശ്‌നം ഉണ്ടായപ്പോള്‍ മാറി നിന്നു എന്ന നിലയിലാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.അതേസമയം, എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കാര്യങ്ങളില്‍ തെളിവില്ലെന്നും വിശദപരിശോധന വിജിലന്‍സ് നടത്തുമെന്ന ശുപാര്‍ശയാണ് നല്‍കിയിരിക്കുന്നത്.
നേരത്തെ എഡിജിപി എംആര്‍ അജിത് കുമാറിനെ തന്നെയാണ് തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. അജിത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടായിരുന്നു ഇത്. അങ്കിത് അശോകിന്റെ പരിചയക്കുറവാണ് പ്രശ്‌നങ്ങളിലേക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം അനുചിതമായി സംസാരിക്കുകയും ചെയ്തുവെന്നും ഇതൊക്കെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന് ആമുഖമെന്ന നിലയില്‍ ഒരു കുറിപ്പ് കൂടി ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ എംആര്‍ അജിത് കുമാറിന് വീഴ്ചയുണ്ടായിട്ടുണ്ട് എന്നായിരുന്നു കുറിപ്പില്‍ പറഞ്ഞത്. എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടിയെുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കമായിരുന്നില്ല. അതുകൊണ്ടാണ് വിഷയത്തില്‍ എന്താണ് വീഴ്ച എന്ന് കൃത്യമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തിയത്.