13 വയസുകാരനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയ്ക്ക് ജാമ്യമില്ല
അമ്മയ്ക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും ദുരുദ്ദേശപരമാണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. 2018 മുതൽ കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്.
തിരുവനന്തപുരം; 13 വയസുകാരനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയ്ക്ക് പോക്സോ കോടതി ജാമ്യം നിഷേധിച്ചു. അന്വേഷണം തുടരുന്നതിനാൽ യുവതിയുടെ ജാമ്യത്തെ പബ്ലിക് പ്രോസിക്യൂട്ടർ എതിർക്കുകയായിരുന്നു. കോടതി ഇത് അംഗീകരിക്കുകയും ചെയ്തു. കുട്ടിയുടെ കൌൺസിലിങ് റിപ്പോർട്ടിലും മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ മൊഴിയിലും ലൈംഗിക പീഡനം നടന്നുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു.
അതേസമയം അമ്മയ്ക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും ദുരുദ്ദേശപരമാണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. 2018 മുതൽ കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. നാലു മക്കളിൽ ഇളയകുട്ടി ഭർത്താവിന്‍റെ മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത്. 2019ൽ ഗൾഫിലുള്ള പിതാവ് രണ്ടാമത്തെയും നാലാമത്തെയും കുട്ടികളെ അവിടേക്കു കൊണ്ടുപോയി. ഇതിനെതിരെ മാതാവ് നൽകിയ കേസ് ഇപ്പോഴും കുടുംബ കോടതിയിൽ നടക്കുന്നുണ്ട്.കേസ് നടക്കുന്നതിനിടെ മൂന്നു കുട്ടികളെയും പിതാവ് വിദേശത്തേക്കു കൊണ്ടുപോയിരുന്നു. ഇയാൾ അതിനിടെ മറ്റൊരു വിവാഹം കഴിച്ചതായി അന്വേഷണത്തിൽ വ്യക്തമായെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
കുടുംബ കോടതി കേസ് പരിഗണിക്കുന്നതിനിടെയാണ് മൂന്നു കുട്ടികളെയും പിതാവ് നാട്ടിലേക്കു കൊണ്ടുവന്നത്. അതിനിടെ 13 വയസുള്ള കുട്ടിയെ പിതാവ് യുവതിക്കെതിരെ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും പ്രതിഭാഗം വാദിച്ചു. കേസിന് ബലം കിട്ടാൻ വേണ്ടിയാണ് ലൈംഗികാരോപണം ഉൾപ്പടെ ഉയർത്തിയതെന്നും യുവതിയുടെ അഭിഭാഷകൻ വാദിച്ചു. പണവും സ്വാധീനവും ഉപയോഗിച്ചാണ് കുട്ടികളുടെ പിതാവ് ആദ്യ ഭാര്യയ്ക്കെതിരെ നീങ്ങുന്നതെന്നും കോടതിയിൽ അഭിഭാഷകൻ വാദിച്ചു.
അതിനിടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കെതിരെയും ഗുരുതര വിമർശനവുമായി യുവതിയുടെ പിതാവ് രംഗത്തെത്തി.പോലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും അറിഞ്ഞു കൊണ്ടാണ് കേസ് കെട്ടിച്ചമച്ചതെന്നും പിതാവ് ആരോപിച്ചു. നീതി ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.