അപകടകരമായ സാഹചര്യത്തിൽ കുട്ടികളെ കാറില്‍ തനിച്ചാക്കി പുറത്തുപോയ മാതാവ്അറസ്റ്റില്‍
കാറിനകത്തെ താപനില 105 ഡിഗ്രി വരെയായിരുന്നു
ഒക്കലഹോമ: രണ്ടു ചെറിയ കുട്ടികളെ കാറിലിരുത്തി പുറത്തുപോയ മാതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഒക്കലഹോമ പെന്‍ സ്ക്വയര്‍ മാളിലെ ലോവര്‍ ലവല്‍ പാര്‍ക്കിങ്ങ് ലോട്ടിലാണ് കാറിന്റെ വിന്‍ഡോകള്‍ അല്‍പം താഴ്ത്തിയിട്ട് രണ്ട് ചെറിയ കുട്ടികളെ കാറില്‍ തനിച്ചാക്കി മാതാവ് പുറത്തിറങ്ങിയത്. ഇതു കണ്ട മറ്റൊരാളാണ് വിവരം പൊലീസില്‍ വിളിച്ചറിയിച്ചത്. പൊലീസ് എത്തുമ്പോള്‍ രണ്ടു കുട്ടികളും വാഹനത്തിനകത്ത് ചുവന്ന് തുടുത്ത മുഖവുമായി ഇരിക്കുകയായിരുന്നു. കാറിനകത്തെ താപനില 105 ഡിഗ്രി വരെയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. രണ്ടു പേരും വളരെ ക്ഷീണിതരുമായിരുന്നു.
ഇതിനിടയില്‍ കാറിനടുത്തെത്തിയ മാതാവ് 26 വയസ്സുള്ള സമാന്തയെ പൊലീസ് അറസ്റ്റു ചെയ്ത് ഇവര്‍ക്കെതിരെ കേസ്സെടുത്തു. വേനല്‍ക്കാലം ആരംഭിച്ചതോടെ കനത്ത സൂര്യതാപമുള്ള സമയങ്ങളില്‍ കുട്ടികളെ കാറിനകത്തു തനിച്ചാക്കുന്നത് കുറ്റകരമാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി കുട്ടികള്‍ കാറിനകത്തിരുന്നു മരിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒരു മിനിട്ടു പോലും കുട്ടികളെ കാറിനകത്തു തനിച്ചാക്കി പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.