അഫ്ഗാനിസ്താനിൽ നിന്നു കൂടുതൽ ഇന്ത്യക്കാരേ ഡൽഹിയിൽ എത്തിക്കും
പാഞ്ച് ഷിർ പ്രവിശ്യയെ ആക്രമിക്കാൻ ഒരുങ്ങിയിരിക്കുകയാണ് താലിബാൻ. ആയിരക്കണക്കിന് താലിബാൻ അനുയായികൾ പാഞ്ച് ഷിർ വളഞ്ഞെന്നും ഉടൻ ആക്രമണം ഉണ്ടാകുമെന്നും താലിബാൻ വക്താവ് അറിയിച്ചു
ഡൽഹി: അഫ്ഗാനിസ്താനിൽ നിന്നുള്ള ഇന്ത്യയുടെ രക്ഷാപ്രവർത്തനം തുടരുന്നു. ഇന്ന് കൂടുതൽ ഇന്ത്യക്കാർ ഡൽഹിയിലെത്തും. കാബൂളിൽ നിന്നും ഖത്തറിലേക്ക് എത്തിച്ച 146 പേർ ഉടൻ ഡൽഹിയിലെത്തും. ഖത്തറിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പിന്തുണ നൽകിയവർക്ക് എംബസി നന്ദി അറിയിച്ചിട്ടുണ്ട്. കാബൂളിൽ നിന്ന് യുഎസ് വിമാനങ്ങളിലാണ് ഇവർ ഖത്തറിലേക്ക് വന്നത്. നയതന്ത്ര പ്രതിനിധികളേയും മാദ്ധ്യമപ്രവർത്തകരേയും വിദ്യാർത്ഥികളേയും രാജ്യത്ത് തിരികെ എത്തിച്ചതായാണ് റിപ്പോർട്ട്. മലയാളികൾ ഉൾപ്പെടെ 392 പേരെ ഇന്നലെ ഡൽഹിയിലെത്തിച്ചിരുന്നു.ഇനി അഞ്ഞൂറിലധികം പേർ കൂടി അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്.
താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തതിനെ തുടർന്നാണ് ഇന്ത്യൻ പൗരൻമാരെ സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ആരംഭിച്ചത്.
അതേസമയം പാഞ്ച് ഷിർ പ്രവിശ്യയെ ആക്രമിക്കാൻ ഒരുങ്ങിയിരിക്കുകയാണ് താലിബാൻ. ആയിരക്കണക്കിന് താലിബാൻ അനുയായികൾ പാഞ്ച് ഷിർ വളഞ്ഞെന്നും ഉടൻ ആക്രമണം ഉണ്ടാകുമെന്നും താലിബാൻ വക്താവ് അറിയിച്ചു. അഫ്ഘാനിസ്ഥാനിലെ 33 പ്രവിശ്യകൾ താലിബാന് കീഴടങ്ങിയിട്ടും അതിന് തയ്യാറാവാതെ ചെറുത്തു നിൽക്കുന്ന പ്രവിശ്യയാണ് പാഞ്ച് ഷിർ. അഷ്‌റഫ് ഗനി സർക്കാരിൽ വൈസ് പ്രസിഡന്റായിരുന്ന അമറുള്ള സലേഹ് അടക്കമുള്ള താലിബാൻ വിരുദ്ധ നേതാക്കൾ ഇപ്പോൾ പാഞ്ച് ഷിർ പ്രവിശ്യയിലാണുള്ളത്. ആക്രമിക്കാൻ മുതിർന്നാൽ താലിബാന് കനത്ത തിരിച്ചടി നൽകുമെന്ന് വടക്കൻ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദ് മുന്നറിയിപ്പ് നൽകി.