ആനക്കൊമ്പും തിമിംഗലത്തിന്‍റെ അസ്ഥിയും പിടികൂടിയ സംഭവത്തിൽ മോൻസൻ മാവുങ്കൽ വനം വകുപ്പിന്‍റെ കസ്റ്റഡിയിൽ

മോൻസന്‍റെ കലൂരിലെ വീട്ടിലും വാഴക്കാലയിലെ സുഹൃത്തിന്‍റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്ന് വൈകിട്ട് വരെയാണ് കോടതി മോൻസണെ കസ്റ്റഡിയിൽ വിട്ടുനൽകിയത്

0

കൊച്ചി | പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കൽ വനം വകുപ്പിന്‍റെ കസ്റ്റഡിയിലെടുത്തു . മോൻസണ്‍ താമസിച്ചിരുന്ന കലൂരിലെ വീട്ടിൽനിന്ന് ആനക്കൊമ്പും തിമിംഗലത്തിന്‍റെ അസ്ഥിയും കണ്ടെത്തിയ കേസിലെ തുടരന്വേഷണത്തിനാണ് കോടനാട് വനംവകുപ്പ് മോൻസണെ കസ്റ്റഡിയിൽ വാങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മോൻസന്‍റെ കലൂരിലെ വീട്ടിലും വാഴക്കാലയിലെ സുഹൃത്തിന്‍റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്ന് വൈകിട്ട് വരെയാണ് കോടതി മോൻസണെ കസ്റ്റഡിയിൽ വിട്ടുനൽകിയത്.

അതേസമയം ദിവസം മോന്‍സണെതിരെ ഒരു തട്ടിപ്പ് കേസു കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. തൃശൂര്‍ സ്വദേശി ഹനീഷ് ജോര്‍ജിന്‍റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. നാല് പുരാവസ്തുക്കള്‍ വില്‍ക്കാനേപ്പിച്ചശേഷം 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. മകളുടെ വിവാഹത്തിനായി 15 ലക്ഷം രൂപ മോന്‍സന്‍ തന്‍റെ പക്കല്‍ നിന്ന് വാങ്ങിയതായി ഇയാള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് പുരാവസ്തുക്കള്‍ വിറ്റഴിയ്ക്കുന്നതിനുള്ള മുന്‍കൂര്‍ തുകയാണ് കൈപ്പറ്റിയതെന്ന് പരാതിയില്‍ പറയുന്നത്.മോൺസണെതിരെ കൂടുതൽ പരാതികൾ ഇനിയും ലഭിക്കാനുണ്ടെന്നു പോലീസ് അറിയിച്ചു

You might also like

-