വിവാദ ചികിൽസകൻ മോഹനൻവൈദ്യർ എന്ന മോഹനൻ നായരെ (65) മരിച്ചനിലയിൽ കണ്ടെത്തി
ദേഹാസ്വാസ്ഥ്യത്തെതുടർന്നാണ് മരണം എന്ന് കരുതപ്പെടുന്നു. അശാസ്ത്രീയ ചികിൽസാ നിർദ്ദേശങ്ങളെത്തുടർന്ന് ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ മൃതദേഹമുള്ളത്
തിരുവനന്തപുരം :വിവാദ ചികിൽസകൻ മോഹനൻവൈദ്യർ എന്ന മോഹനൻ നായരെ (65) മരിച്ചനിലയിൽ കണ്ടെത്തി. ചേര്‍ത്തല സ്വദേശിയാണ്.തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെതുടർന്നാണ് മരണം എന്ന് കരുതപ്പെടുന്നു. അശാസ്ത്രീയ ചികിൽസാ നിർദ്ദേശങ്ങളെത്തുടർന്ന് ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ മൃതദേഹമുള്ളത്. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയുണ്ടായി. രണ്ട് ദിവസം മുന്‍പാണ് ബന്ധുവീട്ടിലെത്തിയത്. രാവിലെ മുതല്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച വൈദ്യര്‍ പിന്നീട് ആശുപത്രിയില്‍ പോകാനിരിക്കെയാണ് മരിച്ചത്.
മോഹനൻ വൈദ്യർ എന്ന പേരിലാണ് മോഹനൻ നായർ അറിയപ്പെട്ടിരുന്നത്. ചികിത്സാ രീതികളിലെ അശാസ്ത്രീയതയുടെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞനിന്നിരുന്നു. കൂടാതെ ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ നിരന്തരം പ്രചാരണം നടത്തുകയും ചെയ്തിരുന്നു.ഒരു രോഗിയെ ചികിത്സിക്കാനുള്ള യോഗ്യത പോലുമില്ലാതെ വിവിധ രോഗങ്ങൾക്ക് ചികിത്സ നടത്തിയതിന് പോലീസ് കേസെടുത്തിരുന്നു.ഇത്തരത്തിൽ ചികിത്സ നടത്തി മൂന്ന് വയസുകാരി മരിച്ച സംഭവത്തിൽ മോഹനനെ അറസ്റ്റ് ചെയ്തിരുന്നു. പ്രോപ്പിയോണിക് അസിഡീമിയ എന്ന ജനിതക രോഗമുണ്ടായിരുന്ന ഒരു കുഞ്ഞ് ചികിത്സാ പിഴവ് മൂലം മരണപ്പെട്ട സംഭവത്തിൽ മാരാരികുളം പോലീസ് നരഹത്യ കേസ് ചുമത്തി കേസ് എടുത്തിരുന്നു.
നിപ വൈറസ് ഇല്ല എന്നും കാൻസർ അസുഖം ഇല്ല എന്നും പറഞ്ഞു നടന്നിരുന്ന മോഹനൻ കോവിഡ് വൈറസിനെതിരായ മരുന്ന് കണ്ടുപിടിച്ചു എന്ന് പറഞ്ഞ് ചികിത്സ നടത്തിയതിനും പോലീസ് കേസ് എടുത്തിരുന്നു.
കോവിഡിന് വ്യാജ ചികിത്സ നല്‍കിയെന്ന കേസില്‍ അറസ്റ്റിലായിട്ടുണ്ട്. തൃശൂര്‍ പട്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കിലെ കോവിഡ് ചികിത്സയുടെ പേരിലാണ് കഴിഞ്ഞ വർഷം അറസ്റ്റിലായത് . ചികിത്സിക്കാന്‍ ലൈസന്‍സ് ഇല്ലെന്ന് ആരോഗ്യവകുപ്പിന്‍റെ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആള്‍മാറാട്ടം, വഞ്ചിക്കല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അന്ന് കേസെടുത്തത്.