കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടത് എന്ന് ഐഎസ് കോയമ്പത്തൂർ ഘടകത്തിലെ പ്രധാനി മുഹമ്മദ് അസറുദീൻ

കേരളത്തിലും തമിഴ്നാട്ടിലും സ്ഫോടനം നടത്താൻ യുവാക്കളെ ആകർഷിക്കുന്ന തരത്തിൽ പ്രവർത്തനം നടത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസ് എടുത്തത്.

0

കൊച്ചി: കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് കോയമ്പത്തൂർ ഘടകത്തിലെ പ്രധാനി മുഹമ്മദ് അസറുദീൻ അടക്കം ആറ് പേരെ ഇന്ന് കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കും. കോയമ്പത്തൂരിലെ ആറിടങ്ങളിലായി എൻ ഐ എ നടത്തിയ റെയ്‌ഡിൽ പിടിയിൽ ആയ ആറ് പേരെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കുക.

കേരളത്തിലും തമിഴ്നാട്ടിലും സ്ഫോടനം നടത്താൻ യുവാക്കളെ ആകർഷിക്കുന്ന തരത്തിൽ പ്രവർത്തനം നടത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസ് എടുത്തത്. സംഘത്തലവനായ മുഹമ്മദ് അസറുദീനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഐഎസിന്‍റെ കോയമ്പത്തൂർ ഘടകം രൂപീകരിച്ചതിൽ മുഖ്യ പങ്ക് വഹിച്ചത് ഇയാൾ ആണെന്നാണ് നിഗമനം.

നിലവിൽ ഇവരെ എൻഐഎ ഓഫീസിൽ ചോദ്യം ചെയ്തു വരികയാണ്. ബാക്കി അഞ്ചു പേരെയും അറസ്റ്റ് ചെയ്യാൻ ആണ് സാധ്യത. ശ്രീലങ്കൻ സ്ഫോടന പരമ്പരയുമായി ഇവർക്ക് ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ എൻഐഎ അന്വേഷിക്കുന്നുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും ഐ എസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് മെയ് 30നാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്.

ശ്രീലങ്കൻ ഭീകരാക്രമണത്തിന്‍റെ മുഖ്യ ആസൂത്രകൻ സഹ്രാൻ ഹാഷിമുമായി ബന്ധമുള്ള മുഹമ്മദ് അസറുദ്ദീൻ ഉൾപ്പടെ ആറ് പേർക്കെതിരെയാണ് എൻഐഎ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ശ്രീലങ്കൻ സ്ഫോടനങ്ങളുടെ ഇന്ത്യൻ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് ഐഎസിന്‍റെ കോയമ്പത്തൂർ ഘടകത്തെക്കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിക്കുന്നത്.

കാസർകോട്ടെ ഐഎസ് റിക്രൂട്ട്മെന്‍റ് കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചനകൾ എൻഐഎ സംഘത്തിന് ആദ്യം ലഭിക്കുന്നത്.

ശ്രീലങ്കൻ സ്ഫോടന കേസിലെ മുഖ്യ ആസൂത്രകനായ സഹ്റാൻ ഹാഷിമിന്‍റെ ആരാധകനാണ് റിയാസ് അബൂബക്കറെങ്കിലും ഇയാളുമായി റിയാസ് നേരിട്ട് ബന്ധപ്പെട്ടതിന്‍റെ തെളിവുകൾ ഒന്നും എൻഐഎക്ക് ലഭിച്ചിരുന്നില്ല. എന്നാൽ, ശ്രീലങ്കൻ സ്ഫോടനം ആസൂത്രണം ചെയ്ത സഹ്റാൻ ഹാഷിമിന്‍റെ സംഘടനയായ തൗഹീദ് ജമാ അത്തിന് തമിഴ്നാട്ടിൽ വേരുകളുണ്ടെന്ന് എൻഐഎക്ക് നേരത്തെ തന്നെ വിവരമുണ്ടായിരുന്നു.

ഈ സംഘടനയുമായായാണ് റിയാസ് അബൂബക്കർ ബന്ധപ്പെട്ടിരുന്നതും. സംഘടനയിലെ പ്രധാനിയും ഐഎസ് തമിഴ്നാട് ഘടകം രൂപീകരിക്കാൻ നേതൃത്വം നൽകിയ മുഹമ്മദ് അസറുദീനെയാണ് എൻഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെയും കേരളത്തിലെയും ആരാധനാലയങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പ്രതികൾ ഇതിനായി രഹസ്യയോഗങ്ങൾ ചേർന്നിരുന്നതായും ഓൺലൈൻ റിക്രൂട്ട്മെന്‍റ് നടത്തിയതായും എൻഐഎ പറയുന്നു. മുഹമ്മദ് അസറുദീനുമായി ബന്ധപ്പെട്ടിരുന്ന ഏതാനും മലയാളി യുവാക്കൾക്കായും അന്വേഷണം തുടരുകയാണെന്നാണ് എൻഐഎ നൽകുന്ന സൂചന.

You might also like

-