പൗരത്വ ഭേദഗതി ഇന്ത്യൻ പൗരൻ മാരെ ബാധിക്കില്ല മോദി

കോണ്‍ഗ്രസും അര്‍ബന്‍ നക്സലുകളും ചേര്‍ന്ന് തടവറ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മോദി കുറ്റപ്പെടുത്തി. എന്‍.ആര്‍.സി എന്ന വാക്ക് പോലും സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

0

ഡൽഹി :പൗരത്വ ഭേദഗതി മുസ്‍ലിംകള്‍ക്കെതിരായ നിയമമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഒരു മുസ്‍ലിമിനെയും തടവറയില്‍ പാര്‍പ്പിക്കില്ല. കോണ്‍ഗ്രസും അര്‍ബന്‍ നക്സലുകളും ചേര്‍ന്ന് തടവറ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മോദി കുറ്റപ്പെടുത്തി. എന്‍.ആര്‍.സി എന്ന വാക്ക് പോലും സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.പൗരത്വ നിയമ ഭേദഗതിക്കെതിരായ ജനകീയ പ്രക്ഷോഭം ശക്തമായതോടെയാണ് വിശദീകരണവുമായി പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയത്. ഡല്‍ഹിയില്‍ ബി.ജെ.പി സംഘടിപ്പിച്ച റാലിയില്‍ ഏകത്വമെന്ന മുദ്രാവാക്യം മുഴക്കിയാണ് നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. ഇന്ത്യന്‍ മണ്ണില്‍ ജനിച്ച മുസ്‍ലിംകള്‍ ഭാരത മാതാവിന്‍റെ സന്താനങ്ങളാണെന്ന് മോദി പറഞ്ഞു.

രാജ്യത്തെ അവഗണിക്കപ്പെട്ടവർക്ക് വേണ്ടിയാണ് നിയമമെന്നും മോദി പറഞ്ഞു. രാംലീല മൈതാനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്രസർക്കാരിന്റെ ഭാഗം ന്യായീകരിച്ച് ജനങ്ങളെ കൈയിലെടുക്കുന്ന വിധത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

സിഎഎ പാസാക്കിയ പാർലമെന്റിനെ ആദരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പിന്തുണച്ച എല്ലാ എംപിമാർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. സിഎഎ ഏകപക്ഷീയമാണെന്ന് തെളിയിക്കാൻ പ്രതിപക്ഷത്തെ പ്രധാനമന്ത്രി വെല്ലുവിളിക്കുകയും ചെയ്തു. നാനാത്വത്തിൽ ഏകത്വം ഇന്ത്യയുടെ മുഖമുദ്രയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ കോലം കത്തിച്ചോളൂ, പാവപ്പെട്ടവരുടെ റിക്ഷ കത്തിക്കരുതെന്ന് പറഞ്ഞ പ്രധാനമന്ത്രി, മോദിയെ വെറുത്താലും രാജ്യത്തെ വെറുക്കരുതെന്നും കൂട്ടിച്ചേർത്തു.

ജനങ്ങൾക്കെതിരെ അതിക്രമം അഴിച്ചുവിട്ട പൊലീസിനെ വെറുതെ വിടാനും മോദി ആഹ്വാനം ചെയ്തു.പൊലീസ് ആരുടേയും ശത്രുവല്ലെന്നും ജനങ്ങൾക്കായി ജീവൻ വെടിയുകയാണെന്നും മോദി പറഞ്ഞു. ഡൽഹി സർക്കാരിനും കോൺഗ്രസിനെതിരേയും മോദി വിമർശനം ഉന്നയിച്ചു. ഡൽഹി സർക്കാരിന്റെ കള്ള വാഗ്ദാനങ്ങളിൽ ജനത വഞ്ചിക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തങ്ങൾ ഭൂമി നൽകിയത് സാധാരണക്കാർക്ക് വേണ്ടിയാണെന്നും ഡൽഹി സർക്കാർ നൽകിയത് വിഐപികൾക്കാണെന്നും മോദി കുറ്റപ്പെടുത്തി. ഡൽഹിയിലെ ഗതാഗത സംവിധാനം പരിതാപകരമാണ്. ബിജെപിക്ക് കപട വാഗ്ദാനങ്ങളില്ലെന്നും മോദി ചൂണ്ടിക്കാട്ടി.

എൻആർസി തയ്യാറാക്കിയത് കോൺഗ്രസുകാരാണ്. രാജ്യത്ത് വിവിധയിടങ്ങളിൽ നടന്ന അക്രമങ്ങളിൽ കോൺഗ്രസ് മാനം പാലിക്കുകയാണ്. അർബൻ നക്‌സലുകൾ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇന്ത്യയിൽ ആരുടെ കൈയിൽ നിന്നും പൗരത്വം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

You might also like

-