മോദിയുടെ അഞ്ചുവര്ഷത്തിനിടയിലെ ആദ്യവാർത്താസമ്മേളനം ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ
അമിത് ഷാ വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാർത്താ സമ്മേളനത്തിനെത്തുകയായിരുന്നു.
ഡൽഹി :പ്രധാനമന്ത്രിയായ ശേഷം ആദ്യമായി വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് നരേന്ദ്രമോദി. അഞ്ച് വർഷത്തിനിടയിൽ ആദ്യമായാണ് നരേന്ദ്രമോദി മാധ്യമങ്ങളെ കാണുന്നത്. പ്രജ്ഞ സിംഗ് താക്കൂറിന്റെ വിവാദപരാമർശങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് മോദി മാധ്യമങ്ങളെ കാണുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും മോദിക്കൊപ്പമുണ്ട്. അമിത് ഷാ വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാർത്താ സമ്മേളനത്തിനെത്തുകയായിരുന്നു.
മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷായാണ് വാർത്താസമ്മേളനത്തിൽ ആദ്യം സംസാരിച്ചത്. വിലക്കയറ്റവും അഴിമതിയും ഇല്ലാത്ത അഞ്ച് വർഷമാണ് കടന്നുപോയതെന്ന് അമിത് ഷാ പറഞ്ഞു. ആദിവാസികളുടേയും ദളിതരുടേയും സുരക്ഷ മോദി സർക്കാർ ഉറപ്പാക്കി. സാധാരണക്കാരന്റെ ജീവിതനിലവാരം മോദിയുടെ ഭരണകാലത്ത് ഉയർന്നെന്നും, വികസനം വർദ്ധിച്ചെന്നും, എല്ലാ ആറ് മാസത്തിലും ഒരോ പുതിയ പദ്ധതികൾ കൊണ്ടുവന്നെന്നും അമിത് ഷാ അവകാശപ്പെട്ടു.
സ്ത്രീ ക്ഷേമത്തിനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കി. വൻഭൂരിപക്ഷത്തോടെ, മൂന്ന് പതിറ്റാണ്ടിന് ശേഷം ഒറ്റയ്ക്ക് ഭരണം പിടിക്കാൻ കഴിഞ്ഞ ബിജെപി സർക്കാർ എല്ലാ വാഗ്ദാനങ്ങളും പാലിച്ചു. കൃഷിക്കാർ മുതൽ, മധ്യവർഗക്കാർ വരെയുള്ളവർക്കായി പദ്ധതികൾ കൊണ്ടുവന്നു. ആയുഷ്മാൻഭാരത്, ജൻധൻയോജന എന്നിവ നേട്ടങ്ങളാണെന്നും അമിത് ഷാ പറഞ്ഞു. മോദി ഭരണത്തിൽ ജനങ്ങൾ സുരക്ഷിതരായിരുന്നു. ‘ഞാനും കാവൽക്കാരൻ’ പ്രചാരണം ഫലം കണ്ടുവെന്ന് പറഞ്ഞ അമിത് ഷാ, മേദി ഭരണം വീണ്ടും വരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.