കാക്കി നിക്കറിലാണ് മോദിയുടെമനസ്സ് : പിണറായി
തിരുവനന്തപുരം: മോദിക്ക് പ്രധാനമന്ത്രി സ്ഥാനമല്ല, ആർഎസ്എസിന്റെ പ്രചാരക് സ്ഥാനമാണ് വലുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനസർക്കാർ കേരളസംസ്കാരത്തെ തകർക്കുകയാണ് എന്ന മോദിയുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു പിണറായി. കാക്കി നിക്കറിലാണ് മോദിയുടെ മനസെന്ന് പിണറായി പരിഹസിച്ചു. പ്രധാനമന്ത്രിക്ക് ആ സ്ഥാനത്തേക്കാൾ വലുത് ആർഎസ്എസ് ആണെങ്കിലും ആർഎസ്എസ് അജണ്ട പ്രകാരമല്ല രാജ്യത്ത് കാര്യങ്ങൾ നടക്കുന്നത്. ശബരിമലയെ ഉപയോഗിച്ച് സംഘപരിവാർ ലക്ഷ്യമിടുന്ന അജണ്ട കേരളത്തിൽ നടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ മോദിയുടെ വിഷമം തനിക്ക് മനസിലാകും
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിന്റെ ഭൂരിഭാഗം സമയവും പ്രധാനമന്ത്രിക്ക് മറുപടി പറയാനാണ് മുഖ്യമന്ത്രി ഉപയോഗിച്ചത്.കേരള സംസ്കാരത്തെ തകർക്കുന്ന കാര്യങ്ങൾ കേരളത്തിൽ നടന്നു എന്ന് താൻ പ്രധാനമന്ത്രിയോട് അങ്ങോട്ട് പറയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ അങ്ങനെ പെരുമാറിയത് പ്രധാനമന്ത്രിയുടെ തന്നെ അനുയായികളാണ്. സുപ്രീം കോടതി വിധി അനുസരിച്ച് ശബരിമല ദർശനത്തിനായി എത്തിയ സ്ത്രീകളെ ഒരുകൂട്ടം കശ്മലൻമാരായ അക്രമികൾ അടിച്ചോടിക്കുകയാണ് ചെയ്തത്. ആർഎസ്എസുകാർ ശബരിമലയിലെ പല ആചാരങ്ങളും ലംഘിച്ചു. ഇതൊന്നും അറിയാത്ത ആളല്ല പ്രധാനമന്ത്രിയെന്ന് പിണറായി പറഞ്ഞു. അവർക്കെതിരെയാണ് പ്രധാനമന്ത്രി പ്രതികരിക്കേണ്ടത്.