മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഒഡീഷയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത നടപടി മരവിപ്പിച്ചു

കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റേതാണ് നടപടി. പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചായിരുന്നു സമ്പല്‍പൂരില്‍ മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധനക്ക് വിധേയമാക്കിയത്.

0

ഡൽഹി: തെരഞ്ഞെടുപ്പിനോപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിഉപയോഗിച്ച ഹെലികോപ്റ്റര്‍ പരിശോധിച്ച ഒഡീഷയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത നടപടി മരവിപ്പിച്ചു. ഇത് സംബന്ധിച്ച കേസ് ജൂണ്‍ മൂന്നിന് വീണ്ടും ട്രൈബ്യൂണല്‍ പരിഗണിക്കും. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റേതാണ് നടപടി. പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചായിരുന്നു സമ്പല്‍പൂരില്‍ മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധനക്ക് വിധേയമാക്കിയത്.

പതിനഞ്ച് മിനിറ്റോളം പരിശോധനയുടെ പേരില്‍ ഹെലികോപ്റ്റര്‍ തടഞ്ഞു വെച്ചിരുന്നു. എസ്പിജി പ്രത്യേക സുരക്ഷയുള്ളവര്‍ക്ക് നല്‍കുന്ന ഇളവുകള്‍ പരിഗണിക്കാതെ പരിശോധന നടത്തിയെന്നായിരുന്നു ഐഎഎസ് ഓഫീസറായ മുഹമ്മദ് മുഹ്സിനെതിരെ കമ്മീഷന്‍ ആരോപിച്ച കുറ്റം.

പരിശോധന മോദിയുടെ യാത്ര വൈകിപ്പിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം ഇല്ലാതെ എസ്പിജി സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് പരിശോധന നടത്തിയതെന്നും അധികൃതര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടറുടെയും ഡിഐജിയുടെയും റിപ്പോര്‍ട്ട് പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുകയായിരുന്നു. മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളടക്കം വ്യാപക പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥന്‍റെ നടപടിയില്‍ അസാധാരണമായി ഒന്നുമില്ലെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.

You might also like

-