ലോക് ഡൗൺ വിഴ്ച വരുത്തുന്ന ഉദ്യാഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും: മന്ത്രി എം. എം. മണി
"കോവിഡ് പ്രതിരോധത്തിനായി കര്‍മ്മനിരതരാകേണ്ട ഉദ്യോഗസ്ഥര്‍ ചുമതലകളില്‍ ഒഴിഞ്ഞു മാറരുത്"
കോവിഡ് – 9 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്ന ഉദ്യാഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കുമളി ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.”കോവിഡ് പ്രതിരോധത്തിനായി കര്‍മ്മനിരതരാകേണ്ട ഉദ്യോഗസ്ഥര്‍ ചുമതലകളില്‍ ഒഴിഞ്ഞു മാറരുത്”പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ ഡോക്ടറുടെ നടപടി യോഗത്തില്‍ ഉയര്‍ന്നപ്പോഴായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.
ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന തുടര്‍ന്നതോടെ തമിഴ്നാട്ടില്‍ നിന്നും അനധികൃത വഴികളിലൂടെ ആളുകള്‍ ഇങ്ങോട്ടു കടക്കാന്‍ ശ്രമിക്കുന്നു. ഇത് അനുവദിക്കാനാകില്ല. അവിടുന്ന് ഇങ്ങോട്ടും തിരിച്ചും ആളുകള്‍ കടക്കുന്നത് ഇരു സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കും. ഇക്കാര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം. ജനപ്രതിനിധികള്‍ അതത് വാര്‍ഡുകളില്‍ ശ്രദ്ധ ചെലുത്തണം. പൊതു ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. തമിഴ്നാടുമായി അഭേദ്യമായ ബന്ധമാണ് കേരളത്തിനും, പ്രത്യേകിച്ച് ഇടുക്കി ജില്ലയ്ക്കും ഉള്ളത്. പ്രസ്തുത സഹകരണ മനോഭാവം ഉള്‍ക്കൊള്ളുന്നതോടൊപ്പം ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ രോഗം പകരാതിരിക്കാന്‍ കര്‍ശന നിലപാട് സ്വീകരിക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ട്. അതിര്‍ത്തി കടത്തി തൊഴിലാളികളെ കേരളത്തിലെത്തിക്കുന്നത് അനുവദിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.