“വലത് കാലും, ഇടത് കയ്യും വെട്ടും “എംഎൽഎ പി പി ചിത്തരഞ്ജനെതിരെ വധഭീഷണി
9 ദിവസത്തിനകം ഇന്ത്യ വിടണമെന്നും കത്തിൽ പറയുന്നു. സഹപ്രവർത്തകരായ ഷംസീർ എംഎൽഎ, എ.എ റഹീം എന്നീ ഗുണ്ടകൾക്കും ഇതേ അവസ്ഥയുണ്ടാകുമെന്നും കത്തിൽ മുന്നറിയിപ്പുണ്ട്.
ആലപ്പുഴ: എംഎൽഎ പി പി ചിത്തരഞ്ജനെതിരെ വധഭീഷണി. തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിലാണ് ഭീഷണി കത്ത് ലഭിച്ചത്. എംഎൽഎയുടെ കയ്യും കാലും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നിൽ വെയ്ക്കുമെന്നാണ് ഭീഷണി.
വലത് കാലും, ഇടത് കയ്യും വെട്ടുമെന്നാണ് കത്തിൽ ഭീഷണി മുഴക്കിയിട്ടുള്ളത്. കുടുംബാംഗങ്ങൾക്ക് വിഷം നൽകി കൊല്ലും. 9 ദിവസത്തിനകം ഇന്ത്യ വിടണമെന്നും കത്തിൽ പറയുന്നു. സഹപ്രവർത്തകരായ ഷംസീർ എംഎൽഎ, എ.എ റഹീം എന്നീ ഗുണ്ടകൾക്കും ഇതേ അവസ്ഥയുണ്ടാകുമെന്നും കത്തിൽ മുന്നറിയിപ്പുണ്ട്.
മൂവാറ്റുപുഴ സ്വദേശി ബെന്നി മാർട്ടിൻ എന്നാണ് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഭീഷണിയെതുടർന്ന് എംഎൽഎ മുഖ്യമന്ത്രിക്കും നിയമസഭാ സ്പീക്കർക്കും പരാതി നൽകി.
അടുത്തിടെ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഇന്ത്യ വിടണമെന്ന് ഭീഷണിപ്പെടുത്തി കൊണ്ടുള്ള കത്ത് ലഭിച്ചിരുന്നു.