ഛായാഗ്രാഹകൻ എം.ജെ രാധാകൃഷ്ണൻ അന്തരിച്ചു വിട വാങ്ങിയത് സമാന്തര ചിത്രങ്ങൾക്കൊപ്പം സഞ്ചരിച്ച പ്രതിഭയാണ്
ഏഴു തവണ സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്
തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.പട്ടത്തെ സ്വവസതിയിൽ വച്ച് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്.
സ്വന്തമായി കാർ ഓടിച്ചാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോയത്. പോകുംവഴി വീണ്ടും അവശനായ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു.
ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘ഓള്’ ആണ് എം ജെ രാധാകൃഷ്ണൻ ക്യാമറ ചലിപ്പിച്ച അവസാന ചിത്രം. ഏഴ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഛായാഗ്രാഹകനാണ് എം ജെ രാധാകൃഷ്ണൻ.കൊല്ലം ജില്ലയിൽ പുനലൂരിലെ തൊളിക്കോടാണ് എം ജെ രാധാകൃഷ്ണന്‍റെ സ്വദേശം. നിശ്ചല ഛായാഗ്രാഹകനായി പ്രൊഫഷണൽ ജീവിതം തുടങ്ങിയ എം ജെ രാധാകൃഷ്ണൻ പിന്നീട് പ്രശസ്ത സംവിധായകൻ ഷാജി എൻ കരുണിന്‍റെ അസോസിയേറ്റായി. ദേശാടനം, കരുണം, കളിയാട്ടം, നാല് പെണ്ണുങ്ങൾ എന്നതടക്കം നിരവധി ചിത്രങ്ങൾക്ക് എം ജെ രാധാകൃഷ്ണൻ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
ഏഴു തവണ സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.വീട്ടിലേക്കുള്ള വഴി. ദേശാടനം, ആകാശത്തിന്‍റെ നിറം, കാട് പൂക്കുന്ന നേരം, കളിയാട്ടം, അടയാളങ്ങൾ, ഒറ്റക്കയ്യൻ, ബയോസ്കോപ്പ് എന്നിവയാണ് പ്രധാന ചിത്രങ്ങൾ.