കാണാതായ പെട്രോള്‍ പമ്പ് ഉടമയെ ഗുരുവായൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മനോഹറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വഴിയില്‍ ഉപേക്ഷിക്കുകയും ആയിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
തൃശ്ശൂര്‍: കയ്പമംഗലത്ത് നിന്ന് കാണാതായ പെട്രോള്‍ പമ്പ് ഉടമയെ ഗുരുവായൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്. ഇന്ന് രാവിലെ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജിന്റെ മുന്‍വശത്താണ് മൃതദേഹം കണ്ടെത്തിയത്. അജ്ഞാത മൃതദേഹമെന്ന രീതിയിലായിരുന്നു ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്. പിന്നീട് ഗുരുവായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കയ്പ മംഗലം സ്വദേശി മനോഹറിന്റെതാണ് മൃതദേഹമെന്ന് കണ്ടെത്തിയത്.
ഇന്നലെ രാത്രി 12.50നാണ് പെട്രോള്‍ പമ്പില്‍ നിന്ന് ജോലി കഴിഞ്ഞ് ഇയ്യാള്‍ കാറിലേയ്ക്ക് യാത്ര തിരിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും മനോഹര്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മകള്‍ ഫോണ്‍ വിളിച്ചപ്പോള്‍ ഫോണെടുത്തയാള്‍ അച്ഛന്‍ ഉറങ്ങുകയാണെന്ന് പറഞ്ഞ് കട്ട് ചെയ്യുകയായിരുന്നു. പിന്നീട് ഈ ഫോണ്‍ സ്വച്ച് ഓഫാകുകയും ചെയ്തു. ഉടന്‍ തന്നെ മകള്‍ പൊലീസില്‍ വിവരമറിയിച്ചു. മനോഹറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വഴിയില്‍ ഉപേക്ഷിക്കുകയും ആയിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിന്റെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ്.