മീശ നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

മീശ നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

0

ഡൽഹി: മത വികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ ഉള്ളതിനാൽ മീശ നോവൽ നിരോധിക്കണം എന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ഹർജി തള്ളുമെന്ന് ഉറപ്പായതോടെ നോവലിലെ വിവാദ ഭാഗങ്ങൾ എങ്കിലും നീക്കണമെന്ന് ഹർജി നൽകിയ രാധാകൃഷ്ണൻ വരെണിക്കൽ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യവും സുപ്രീം കോടതി അംഗീകരിച്ചില്ല. ഒരു ഭാഗം അടർത്തിയെടുത്തല്ല പുസ്തകത്തെ വിലയിരുത്തണ്ടതെന്നും മുഴുവനും വായിക്കണമെന്നും ചീഫ് ജസ്റ്റിസ് വിധിന്യായത്തിൽ വ്യക്തമാക്കി. ആവിഷ്കാര സ്വാതന്ത്രം ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള വിധിയിൽ ശ്രദ്ധേയമായ നിരവധി നിരീക്ഷണങ്ങളാണുള്ളത്. എഴുത്തുകാരന്റെ ഭാവനയെയും ചിന്താ വൈഭവത്തെയും മാനിക്കണം. എഴുത്തുകാരന് സർഗാത്മക സൃഷ്ടി എങ്ങനെയായിരിക്കണമെന്നും ഏതൊക്കെ വാക്കുകൾ തിരഞ്ഞെടുക്കണമെന്നും നിശ്ചയിക്കാനുള്ള സ്വാതന്ത്രമുണ്ട്. അത് ഏതെങ്കിലും ഒരു തരത്തിൽ ആകണമെന്ന് ആർക്കും ഉത്തരവിടാൻ ആകില്ല. ഒരു സൃഷ്ടിയെപ്പറ്റിയുള്ള ഒരാളുടെ വ്യക്തിപരമായ കാഴ്ചപ്പാടിനെ നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരാൻ ആകില്ല. പുസ്തകത്തിന്റെ ഒരു ഭാഗം മാത്രം നിയമത്തിന്റെ കണ്ണിലൂടെ നോക്കിക്കാണണം എന്ന വാദം അംഗീകരിക്കാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി.

മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് നോവല്‍ ആദ്യം പ്രസിദ്ധീകരിച്ചിരുന്നത്. നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം ചില കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് ചില സംഘടനകള്‍ രംഗത്ത് വന്നിരുന്നു. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ. വിവാദത്തെത്തുടർന്ന് മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുന്നത് നിർത്തി. പിന്നീട് ഡി.സി ബുക്ക്സ് നോവൽ പുസ്തകമായി പുറത്തിറക്കി.

You might also like

-