ന്യൂനപക്ഷ ക്ഷേമ പദ്ധതി: ഹൈക്കോടതി വിധി നടപ്പാക്കുമെന്ന് എം വി ഗോവിന്ദന്‍
ആ സമീപനമേ സർക്കാരിന് സ്വീകരിക്കാനാകൂവെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.
തിരുവനന്തപുരം :ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. കോടതി വിധിയനുസരിച്ച് മുന്നോട്ട് പോകും. ആ സമീപനമേ സർക്കാരിന് സ്വീകരിക്കാനാകൂവെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. ഹൈക്കോടതി വിധി സർക്കാർ പരിശോധിക്കുന്നുവെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. നിയമ വകുപ്പിന്റെ അഭിപ്രായം പരിഗണിച്ചാകും ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുകയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനിടെയാണ് മന്ത്രി എം വി ഗോവിന്ദന്‍ പ്രതികരിച്ചു . വകുപ്പ് മന്ത്രിയായ പിണറായി വിജയന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എല്‍ഡിഎഫ് മുന്നണിയിലെ ഐഎന്‍എല്‍ ഉള്‍പ്പെടെ വിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്ന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ്കുട്ടിയും ആവശ്യപ്പെട്ടു. ജനസംഖ്യാടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനോട് യോജിപ്പില്ല. സാമൂഹ്യ, സാമ്പത്തിക സാഹചര്യം പരിഗണിച്ച് തീരുമാനമെടുക്കണം. 80:20 അനുപാതം നടപ്പാക്കിയത് യുഡിഎഫ് സർക്കാറാണെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.
മുസ്‍ലിം ലീഗ് കോടതി വിധിക്കെതിരെ എതിര്‍പ്പുമായി രംഗത്തെത്തി. സംസ്ഥാന സർക്കാർ പുനപ്പരിശോധനാ ഹരജി നൽകണം. അല്ലെങ്കിൽ സുപ്രീംകോടതിയില്‍ അപ്പീൽ പോകണമെന്ന് ലീഗ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ ക്ഷേമ പദ്ധതിയില്‍ 80:20 അനുപാതം നിശ്ചയിച്ചത് പാലോളി കമ്മീഷനാണെന്ന് ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും പറഞ്ഞു. ഉത്തരവ് ഇറക്കിയത് 2011ൽ വിഎസ് സര്‍ക്കാരിന്‍റെ കാലത്താണ്. 80:20 എന്ന സ്കീം അന്നത്തെ സർക്കാറിന് പറ്റിയ അബദ്ധമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും ഇത് ചർച്ചയായിരുന്നു. 80:20 യുഡിഎഫിന്റെ പണിയാണെന്ന പ്രചാരണം നടത്തി. പഴി മുഴുവൻ യുഡിഎഫിന്റെ തലയിലിട്ടെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഇനി എന്ത് ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കണം. മുസ്‍ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതിയാണിത്. മറ്റ് ന്യൂനപക്ഷങ്ങൾക്കായി വേറെ പദ്ധതി കൊണ്ടുവരണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കുറിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഇടതുമുന്നണിയും സർക്കാരും ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഇടതു മുന്നണിയിൽ രണ്ട് ഘടകകക്ഷികൾ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് ഒരു ഘടകകക്ഷി പറയുമ്പോൾ വിധിക്കെതിരെ അപ്പിൽ പോകുമെന്നാണ് മറ്റൊരു ഘടകകക്ഷി പറയുന്നത്. മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം. മതന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കാക്കി തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്നവർക്ക് ഇത്തരം വിധി തലവേദനയാണ്.
കോൺഗ്രസിൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും അഭിപ്രായം അറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ട്. കോടതിവിധിക്കെതിരെ മുസ്ലിംലീഗ് നിയമനടപടിക്ക് പോകുമെന്ന് പറഞ്ഞത് യുഡിഎഫ് അംഗീകരിക്കുന്നുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു