സിനിമാ രംഗത്ത് സ്ത്രീക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ തടയാൻ മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം ഇന്ന്

ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെയും അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റിയുടെയും ശുപാ‍ർശകളുടെ അടിസ്ഥാനത്തിൽ സർക്കാർ തയാറാക്കിയ നിയമത്തിന്റെ കരട് ആണ് പ്രധാന ചർച്ചാ വിഷയം

0

തിരുവനന്തപുരം |സിനിമാ രംഗത്ത് സ്ത്രീക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ടു മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം ഇന്ന് ചേരും. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അടക്കം ചലചിത്ര മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിൽ പങ്കെടുക്കും . ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെയും അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റിയുടെയും ശുപാ‍ർശകളുടെ അടിസ്ഥാനത്തിൽ സർക്കാർ തയാറാക്കിയ നിയമത്തിന്റെ കരട് ആണ് പ്രധാന ചർച്ചാ വിഷയം. രാവിലെ 11-ന് തിരുവനന്തപുരത്ത് വച്ചാണ് യോഗം.

ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപറേഷൻ, സാംസ്കാരിക ക്ഷേമനിധി തുടങ്ങിയവയുടെ ഭാരവാഹികളും സർക്കാർ പ്രതിനിധികളും ചർച്ച ചെയ്താണ് കരടു നിയമത്തിനു രൂപം നൽകിയത്. ഇ ടിക്കറ്റിംഗ് തുടങ്ങി ചലച്ചിത്ര മേഖലയെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള വ്യവസ്ഥകളും ഇതിൽ ഉണ്ടാകും.
ഇത് സംബന്ധിച്ച് എല്ലാ സംഘടനകളുടെയും അഭിപ്രായം അറിയുന്നതിനാണ് മന്ത്രിതല ചർച്ച.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടെന്ന പി രാജീവിന്റെ പരാമർശത്തിനെതിരെ യോഗത്തിൽ പ്രതിനിധികൾ പ്രതിഷേധം അറിയിക്കാൻ സാധ്യതയുണ്ട്. നേരത്തെ മലയാള സിനിമയിൽ സ്‌ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പതിനഞ്ച് ദിവസത്തിനകം പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ കേരള ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ചിരുന്നു.

You might also like

-