ഫിഷറീസ് -ഹാര്‍ബര്‍ എന്‍ജിനിയറിംഗ് മേഖലകളില്‍ 548.47 കോടി രൂപയുടെ നാശനഷ്ടം: മന്ത്രി

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായും നശിച്ച ബോട്ടുകളുടെ വിപണി മൂല്യം 26 കോടി രൂപയാണ്. ഭാഗികമായി നശിച്ചവ നവീകരിക്കുന്നതിനായി 21.5 കോടി രൂപ വേണ്ടി വരും

0

സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത ദുരിതങ്ങള്‍ സൃഷ്ടിച്ച പേമാരിയും വെള്ളപ്പൊക്കവും ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് മേഖലകളില്‍ പ്രാഥമിക വിലയിരുത്തലില്‍ 548.47 കോടി രൂപയുടെ നാശനഷ്ടമുണ്ടാക്കിയതായി ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് മന്ത്രി ജെ.മെഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായും നശിച്ച ബോട്ടുകളുടെ വിപണി മൂല്യം 26 കോടി രൂപയാണ്. ഭാഗികമായി നശിച്ചവ നവീകരിക്കുന്നതിനായി 21.5 കോടി രൂപ വേണ്ടി വരും.

34 ലക്ഷം രൂപയുടെ മത്സ്യബന്ധന ഉപകരണങ്ങളും വലകളും പൂര്‍ണമായി നശിച്ചിട്ടുണ്ട്. 10 ലക്ഷം രൂപയുടെ വലകളും മത്സ്യബന്ധന ഉപകരണങ്ങളും ഭാഗികമായി നശിച്ചു. മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങള്‍ പൂര്‍ണ്ണമായി നശിച്ചതില്‍ 43.27 കോടി രൂപയും, ഭാഗികമായി നശിച്ചതില്‍ 42.65 കോടി രൂപയുമാണ് നഷ്ടം. വാഹനങ്ങള്‍, ഓഫീസ് കെട്ടിടങ്ങള്‍, ഫര്‍ണിച്ചര്‍, ഓഫീസ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഉണ്ടായിട്ടുള്ള നഷ്ടം 10.30 കോടി രൂപയാണ്. അക്വാകള്‍ച്ചര്‍ മേഖലയില്‍ 109.72 കോടി രൂപയാണ് നഷ്ടം. കാര്‍പ്പ്, ഗിഫ്റ്റ്, ഓര്‍ണമെന്റല്‍ ഫിഷിംഗ്, കൂട്കൃഷി, ഞണ്ട് ഉത്പാദന കേന്ദ്രങ്ങള്‍, കൊഞ്ചു വളര്‍ത്തല്‍ കേന്ദ്രങ്ങള്‍, മത്സ്യക്കുഞ്ഞ് ഉത്പാദന യൂണിറ്റുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മത്സ്യഫാമുകള്‍, ഹാച്ചറീസ് എന്നിവിടങ്ങളിലാണ് നഷ്ടം ഉണ്ടായത്. ഇത് കൂടാതെ മത്സ്യ ഉത്പാദനത്തിനും സംരക്ഷണത്തിനുമുള്ള ഉപകരണങ്ങളും നഷ്ടമായിട്ടുണ്ട്.

പേമാരിയില്‍ 669 ബോട്ടുകളും വള്ളങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതില്‍ ഏഴ് വള്ളങ്ങള്‍ പൂര്‍ണമായും 452 വളളങ്ങള്‍ ഭാഗികമായും നശിച്ചു. 2.37 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരദേശ റോഡുകള്‍ക്ക് വ്യാപകമായ നാശനഷ്ടം ഉണ്ടായി. റോഡുകള്‍ നന്നാക്കാന്‍ 208 കോടി രൂപ വേണ്ടി വരും.

സംസ്ഥാനത്തെ 63 ഫിഷിംഗ് ഹാര്‍ബറുകളില്‍ പേമാരി മൂലം മണ്ണ് അടിഞ്ഞു കൂടിയിട്ടുണ്ട്. ഇത്തരം ഹാര്‍ബറുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഉപയോഗിക്കത്തക്ക രീതിയില്‍ സൗകര്യം ഒരുക്കുന്നതിന് ഡ്രഡ്ജിംഗ് നടത്തണം. 63 കോടി രൂപയാണ് ഇതിനായി കണക്കാക്കിയിട്ടുള്ളത്. 15 ഹാര്‍ബറുകളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 70 കോടി രൂപയാണ് വേണ്ടത്.

You might also like

-