കേരളത്തിലെ ഗവേഷണങ്ങളില്‍ അമേരിക്കന്‍ ഡോക്ടര്‍മാരുടെ സഹകരണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

മാനന്തവാടിയില്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും

0

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖലയില്‍ നടക്കുന്ന വിവിധ ഗവേഷണങ്ങളുമായി സഹകരിക്കാന്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ സന്നദ്ധത അറിയിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വിദഗ്ധ ഡോക്ടര്‍മാരുമായി മന്ത്രി നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വയനാട് ജില്ലയില്‍ മാനന്തവാടിയില്‍ വിദേശ രാജ്യങ്ങളുടെ സഹകരണത്തോടെ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായി തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ സിഡ്‌നി കാര്‍മല്‍ ക്യാന്‍സര്‍ സെന്ററിലെ മുതിര്‍ന്ന ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചയ്ക്കിടെ മന്ത്രി പറഞ്ഞു. ഗവേഷണത്തിനാവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇതോടൊപ്പം തന്നെ വിവിധ പകര്‍ച്ചവ്യാധി പ്രതിരോധത്തിനുള്ള മരുന്നുകളും കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സിഡ്‌നി കാര്‍മല്‍ ക്യാന്‍സര്‍ സെന്ററിന് കേരളത്തിന്റെ ഇത്തരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ ആഗ്രഹമുണ്ടെന്ന് പ്രൊഫ. എം.വി. പിള്ള പറഞ്ഞു. ഒട്ടും വൈകാതെ കേരളത്തില്‍ ഇതുസംബന്ധിച്ച് ഒരു വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുകയും സിഡ്‌നി കാര്‍മല്‍ ക്യാന്‍സര്‍ സെന്റര്‍ പ്രൊഫസര്‍ ഗ്രേസ് യാവോ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ഇതുസംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് കൂടുതല്‍ ബൃഹത്തായ ചര്‍ച്ചകള്‍ നടത്തുന്നതുമാണെന്ന് മന്ത്രി വ്യക്തമാക്കി.

തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയില്‍ ആദിവാസികളെ ബാധിച്ചിട്ടുള്ള സിക്കിള്‍സെല്‍ അനീമിയ എന്ന രോഗത്തെക്കുറിച്ചുള്ള ചര്‍ച്ചയിലും മന്ത്രി പങ്കെടുത്തു. കേരളത്തിലെ ആദിവാസി സമൂഹങ്ങളില്‍ കണ്ടുവരുന്ന രക്തസംബന്ധമായ അസുഖമാണ് അരിവാള്‍ രോഗം എന്നറിയപ്പെടുന്ന സിക്കിള്‍സെല്‍ അനീമിയ. ഈ രോഗം ബാധിക്കുന്നവര്‍ക്ക് തുടര്‍ച്ചയായി ചികിത്സ ആവശ്യമുള്ളതിനാല്‍ നിര്‍ധനരായ ആളുകള്‍ വളരെ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നുണ്ട്. ഈ അസുഖങ്ങളുടെ ചികിത്സയ്ക്ക് ഒരു പ്രത്യേക പാക്കേജ് ഉണ്ടാക്കുന്നതിനും പദ്ധതിയുടെ ഭാഗമായി പാവപ്പെട്ടവര്‍ക്ക് സഹായം എത്തിക്കുന്നതിനും ആരോഗ്യവകുപ്പ് ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. സിക്കിള്‍സെല്‍ അനീമിയ സംബന്ധിച്ച് പഠനത്തിന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുമായി കൂടിച്ചേര്‍ന്ന് വിവിധങ്ങളായ ഗവേഷണങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സിക്കിള്‍സെല്‍ അനീമിയയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ മനസിലാക്കുന്നതിനും കേരളത്തിലെ വിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ കേരളത്തിലേക്ക് സന്ദര്‍ശനം നടത്താന്‍ സിഡ്‌നി കാര്‍മല്‍ സെന്റര്‍ പ്രൊഫസര്‍ ഗ്രേസ് യാവോ ആഗ്രഹം പ്രകടിപ്പിച്ചു.

ഈ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിഭാഗവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനും ആലോചനയുണ്ട്. പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് ഇവിടെ നടന്നതെന്നും വിശദമായ ചര്‍ച്ചയ്ക്ക്‌ശേഷം ഒരു പ്രത്യേക പദ്ധതി റിപ്പോര്‍ട്ട് തന്നെ തയ്യാറാക്കി മാനന്തവാടിയില്‍ ആരോഗ്യവകുപ്പിന് ലഭ്യമായ സ്ഥലത്ത് ഒരു ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

You might also like

-