ഖനനം തുടരും സി വാഷ് ഒരുമാസത്തേക്കില്ല

ഖനനം പുർണമായും നിർത്തലാക്കാത്ത പശ്ചാത്തലത്തിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു.

0

തിരുവനന്തപുരം: ആലപ്പാട് കരിമണൽ ഖനനത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കുന്ന ഒരു മാസത്തെയ്ക്ക് സീ വാഷിംഗ് നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനം.അതെസമയം ഖനനം തുടരും. ആലപ്പാട്ടെ ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി കടൽഭിത്തി ശക്തിപ്പെടുത്തുമെന്നും പുലിമുട്ട് അടിയന്തരമായി നിർമ്മിക്കുമെന്നും വ്യവസായമന്ത്രി സമരസമിതിക്കാർക്ക് ഉറപ്പ് നൽകി. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി ഇ പി ജയരാജൻ നടത്തിയ ചർച്ചയിലാണ് തീരുമാനം. ആലപ്പാട്ടെ പ്രശ്നങ്ങൾ പഠിയ്ക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും മന്ത്രി ഇ പി ജയരാജൻ വ്യക്തമാക്കി.

ഈ വിദഗ്ധസമിതിയുടെ റിപ്പോർട്ടിനനുസരിച്ചാകും സീ വാഷിംഗ് തുടരുന്ന കാര്യം സർക്കാർ തീരുമാനിക്കുക. എന്നാൽ ഇൻലാൻഡ് വാഷിംഗ് തുടരും. തീരമേഖലയുടെയും ആലപ്പാട് പ്രദേശത്തിന്റെയും സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളുമുണ്ടാകും എന്നും സർക്കാർ വ്യക്തമാക്കി. തീരമേഖലയിൽ പുലിമുട്ട് നിർമാണം കാര്യക്ഷമമാക്കും. കടൽഭിത്തികളും ശക്തിപ്പെടുത്തും. തീരമേഖല കടലെടുക്കാതിരിക്കാനുള്ള എല്ലാ സുരക്ഷാ നടപടികളുമുണ്ടാകും.

സർക്കാർ നടപടികൾ കണക്കിലെടുത്ത് സമരം തൽക്കാലം അവസാനിപ്പിക്കണമെന്ന മന്ത്രി സമരക്കാരോട് അഭ്യർഥിച്ചു. സമാധാനപരമായ ഒരു അന്തരീക്ഷം ഉണ്ടാകണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. സമരക്കാർ തൃപ്തിയോടെയാണ് ചർച്ചയിൽ നിന്ന് മടങ്ങിയതെന്നും മന്ത്രി അറിയിച്ചു.

എന്നാൽ ഖനനം നിർത്തിവയ്ക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. കരിമണൽ കേരളത്തിന്റെ പൊതുസ്വത്താണ്. അതിനാൽ പൊതുമേഖലയിൽ ഖനനം നിർത്താനാകില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.അതെസമയം, ഖനനം പുർണമായും നിർത്തലാക്കാത്ത പശ്ചാത്തലത്തിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു.

You might also like

-