പട്ടാളക്കാരെ കല്ലെറിഞ്ഞാല്‍ തോക്കുകൊണ്ട് തിരിച്ചടിക്കുമെന്ന് ട്രംപ് –
രാഷ്ട്രീയ അഭയത്തെക്കുറിച്ചു നിലവിലുള്ള നയത്തില്‍ സമൂലപരിവര്‍ത്തനം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും ട്രംപ് പറഞ്ഞു.
വാഷിങ്ടന്‍ ഡിസി : സൗത്ത് അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും രാഷ്ട്രീയ അഭയം തേടി പുറപ്പെട്ട ആയിരക്കണക്കിന് അഭയാര്‍ഥികള്‍ മെക്‌സിക്കോ ബോര്‍ഡറും കടന്ന് അമേരിക്കയുടെ സതേണ്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണെന്നും, അമേരിക്കന്‍ അതിര്‍ത്തിയുടെ ചുമതലയുള്ള പട്ടാളക്കാരെ കല്ലെറിയാന്‍ ശ്രമിച്ചാല്‍ വെടിവെക്കുന്നതിനുള്ള അനുമതി നല്‍കുമെന്നും ട്രംപ് അഭയാര്‍ഥികള്‍ക്ക് മുന്നറിയിപ്പു നല്‍കി.
മിഡ്‌ടേം തിരഞ്ഞെടുപ്പിനു മുന്‍പ് നവംബര്‍ 1 നു, വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. രാഷ്ട്രീയ അഭയത്തെക്കുറിച്ചു നിലവിലുള്ള നയത്തില്‍ സമൂലപരിവര്‍ത്തനം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും ട്രംപ് പറഞ്ഞു.
ഗ്വാട്ടിമല–മെക്‌സിക്കൊ അതിര്‍ത്തിയില്‍ അഭയാര്‍ഥികള്‍ അക്രമണം നടത്തിയതായി മെക്‌സിക്കന്‍ അധികൃതര്‍ അറിയിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘത്തിനെതിരെ ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ വെറുതെയിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. 10,000 ത്തിനും 15,000ത്തിനും ഇടയിലുള്ള പട്ടാളക്കാരെയാണ് അതിര്‍ത്തി സംരംക്ഷണത്തിന് നിയോഗിച്ചിരിക്കുന്നത്. അമേരിക്കന്‍ അതിര്‍ത്തി സംരക്ഷിക്കുന്നതിന് താന്‍ സ്വീകരിക്കുന്ന നടപടികള്‍ക്കു വോട്ടര്‍മാര്‍ നവംബര്‍ 6 ന് അനുകൂല മറുപടി നല്‍കുമെന്നും ട്രംപ് പറഞ്ഞു.