മലേഷ്യന്‍ വിമാനം യുക്രെയിനില്‍ തകര്‍ത്തത് റഷ്യ
മലേഷ്യന്‍ എയര്‍ലൈന്‍സി ന്റെ എംഎച്ച് 17 വിമാനം 2014ല്‍ യുക്രെയിനില്‍ വച്ച് തകര്‍ത്തത് റഷ്യയെന്ന് ഉറപ്പിച്ച് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. റഷ്യയുടെ ബക് മിസൈലാണ് വിമാനം തകര്‍ത്തതെന്നാണ് അന്താരാഷ്ട്ര അന്വേഷണ സംഘം കണ്ടെത്തിയത്.
ആംസ്റ്റർഡാമില്‍ നിന്നും ക്വാലലംപൂരിലേക്ക് പോയിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍ വിമാനം 2014 ജൂലൈ 17നാണ് 298 യാത്രക്കാരുമായി തകര്‍ന്നത്. യാത്രക്കാരില്‍ ഭൂരിഭാഗവും ഡച്ചുകാരായിരുന്നെങ്കിലും ആസ്‌ത്രേലിയ, ബ്രിട്ടന്‍, മലേഷ്യ തുടങ്ങി 17 രാജ്യങ്ങളിലെ പൗരന്മാര്‍ ദുരന്തത്തില്‍ ഇരയായിരുന്നു.
റഷ്യന്‍ മിസൈലാണ് മലേഷ്യന്‍ യാത്രാ വിമാനം തകര്‍ത്തതെന്ന് നേരത്തെ അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ആസ്‌ത്രേലിയ, ബെല്‍ജിയം, മലേഷ്യ, നെതര്‍ലണ്ട്, ഉക്രൈന്‍ എന്നീ രാജ്യങ്ങളിലെ പ്രോസിക്യൂട്ടര്‍മാരുടെ സംഘമാണ് അന്വേഷണം നടത്തിയത്. റഷ്യന്‍ സൈന്യത്തിെന്റ ഭാഗമായ 53ാം ആന്‍റി എയര്‍ക്രാഫ്റ്റ് ബ്രിഗേഡില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തിയിരിക്കുന്നത്.
റഷ്യന്‍ നിര്‍മിത BUK-TELAR മിസൈലാണ് ആക്രമണത്തിനുപയോഗിച്ചതെന്ന് ഡച്ച് സേഫ്റ്റി ബോര്‍ഡ് 2015ലെ റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കിയിരുന്നു. റഷ്യന്‍ അനുകൂല ഉക്രൈന്‍ വിമതരുടെ അധീനതയിലുള്ള പ്രദേശത്തു നിന്നാണ് മലേഷ്യന്‍ വിമാനത്തിന് നേരെ ആക്രമണം നടത്തിയതെന്നും ഇതിനുപയോഗിച്ച എല്ലാ വാഹനങ്ങളും റഷ്യന്‍ സേനയുടെ അധീനതയിലുള്ളതാണെന്നും നേരത്തെ പുറത്തുവന്നിരുന്നു.
അതേസമയം ബക് മിസൈല്‍ ആക്രമണത്തിലാണ് മലേഷ്യന്‍ വിമാനം തകര്‍ന്നതെന്ന അന്വേഷണ സംഘത്തിെന്റ കണ്ടെത്തല്‍ റഷ്യ തള്ളിക്കളഞ്ഞു. യുക്രെയിന്‍ സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റഷ്യയുടെ നിലപാട്.