നിപ്പാ വൈറസിനെ പ്രതിരോധിക്കാൻ മരുന്ന്
കോഴിക്കോട്: ഭീതിയിലാഴ്ത്തി പടരുന്ന നിപ്പാ വൈറസിനെ പ്രതിരോധിക്കുമെന്ന് കരുതുന്ന മരുന്ന് കേരളത്തിൽ എത്തിച്ചു. “റിബ വൈറിൻ’ എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. 2000 ഗുളികളാണ് കൊണ്ടുവന്നത്. പ്രതിപ്രവർത്തനത്തിന് സാധ്യതയുള്ള മരുന്നാണ് റിബ വൈറിൻ. പരിശോധനയ്ക്ക് ശേഷമേ മരുന്ന് നൽകി തുടങ്ങൂവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
നിപ്പാ വൈറസ് രോഗലക്ഷണങ്ങളുള്ള പതിനഞ്ചിലധികം പേരാണ് ചികിത്സയിലുള്ളത്. രോഗം ആദ്യം സ്ഥിരീകരിച്ച പേരാമ്പ്ര സൂപ്പികടയിലെ സഹോദരങ്ങള്‍ ചികിത്സയിലുണ്ടായിരുന്ന പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലെ മൂന്നു നഴ്സുമാരും ഇതിലുള്‍പ്പെടും. നിപ്പ വൈറസ് ബാധിച്ചുള്ള മരണസംഖ്യ വര്‍ധിച്ചതും മരുന്നില്ലെന്ന വസ്തുതയും ചികിത്സയെ പ്രതിസന്ധിലാക്കിയിരുന്നു.
നിപ്പാ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ വെള്ളിയാഴ്ച ആരോഗ്യവകുപ്പ് സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്