കേരളത്തിലെ ഒന്‍പത് എണ്ണമടക്കം 82 മെഡിക്കൽ കോളജുകളിൽ 2018-19 ലേക്ക് പ്രവേശനം നിഷേധിച്ചു-10,430 എംബിബിഎസ് സീറ്റുകൾ കുറയും
സീറ്റ് വർധിപ്പിക്കണമെന്ന ഒന്‍പതു മെഡിക്കൽ കോളജുകളുടെ അപേക്ഷയും നിരസിച്ചു
പാലക്കാട് ഗവ. മെഡിക്കൽ കോളജ്, കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജ്, എസ് ആർ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് സെന്റർ, പാലക്കാട് പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, പാലക്കാട് കേരള മെഡിക്കൽ കോളജ്, പത്തനംതിട്ട മൗണ്ട് സിയോൻ മെഡിക്കൽ കോളജ്, തൊടുപുഴ അൽ അസർ മെഡിക്കൽ കോളജ് ആൻഡ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ, തിരുവനന്തപുരം ഡോ. സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളജ്, വയനാട് ഡിഎം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്എന്നിവക്ക് അംഗീകാരമില്ല
ഡൽഹി: കേരളത്തിലെ ഒന്‍പത് എണ്ണമടക്കം 82 മെഡിക്കൽ കോളജുകളിൽ 2018-19 ലേക്ക് പ്രവേശനം നിഷേധിച്ചു. ഇവയ്ക്ക് അംഗീകാരം പുതുക്കി നല്‍കിയിട്ടില്ല. ഇതുവഴി 10,430 എംബിബിഎസ് സീറ്റുകൾ കുറയും. 64,000 സീറ്റുകൾ ഉണ്ടായിരുന്നത് 54000 നു താഴേക്കു കുറയും.അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നു ചൂണ്ടിക്കാട്ടി കേരളത്തിൽ മൂന്നു പുതിയ മെഡിക്കൽ കോളജുകൾക്കു കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നിഷേധിച്ചു. ഇടുക്കി സർക്കാർ മെഡിക്കൽ കോളജിനു പുറമേ പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ശ്രീ അയ്യപ്പ മെഡിക്കൽ കോളജ് ആന്‍ഡ് റിസേർച്ച് ഫൗണ്ടേഷൻ എന്നിവയ്ക്കാണ് പ്രവേശനാനുമതി നിഷേധിച്ചത്. ഇതുൾപ്പെടെ രാജ്യത്താകെ 68 മെഡിക്കൽ കോളജുകൾക്ക് പ്രവേശനാനുമതി നിഷേധി ച്ചു. ഇവ മൊത്തം 9000 സീറ്റുക ൾക്കാണ് അപേക്ഷിച്ചിരുന്നത്.
സീറ്റ് വർധിപ്പിക്കണമെന്ന ഒന്‍പതു മെഡിക്കൽ കോളജുകളുടെ അപേക്ഷയും നിരസിച്ചു. ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഒന്‍പതു മെഡിക്കൽ കോളജുകളുടെ സീറ്റ് വർധിപ്പിക്കണം എന്ന ആവശ്യമാണ് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരം കേന്ദ്ര ആരോഗ്യമന്ത്രാലയം തള്ളിയത്. 650 സീറ്റുകളാണ് ഇവയിൽ ഉണ്ടാകേണ്ടിയിരുന്നത്.
അംഗീകാരം പുതുക്കി കിട്ടാ ത്തവയിൽ കേരളത്തിലെ പാലക്കാട് ഗവ. മെഡിക്കൽ കോളജ്, കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജ്, എസ് ആർ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് സെന്റർ, പാലക്കാട് പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, പാലക്കാട് കേരള മെഡിക്കൽ കോളജ്, പത്തനംതിട്ട മൗണ്ട് സിയോൻ മെഡിക്കൽ കോളജ്, തൊടുപുഴ അൽ അസർ മെഡിക്കൽ കോളജ് ആൻഡ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ, തിരുവനന്തപുരം ഡോ. സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളജ്, വയനാട് ഡിഎം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നീ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു.
രാജ്യവ്യാപകമായി 64,000 മെഡിക്കൽ സീറ്റുകൾ ഉള്ളതിൽ ഏകദേശം 10,430 സീറ്റുകളിലേക്കുള്ള പ്രവേശനത്തിനാണ് വിലക്ക്. അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ഇല്ലാത്തതിനാലാണ് സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളുകൾക്കു പ്രവേശനാനുമതി നിഷേധിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചു മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ നിർദേശത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകാരം നൽകുകയായിരുന്നു.
മെഡിക്കൽ കോളജുകൾ സ്ഥാപിക്കാൻ മുൻകൈയെടുത്തു നടക്കുന്നവർക്ക് ഇതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചു പോലും ബോധ്യമില്ലെന്നാണ് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ വിലയിരുത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ ഫണ്ട് ലഭിക്കുന്ന 24 മെഡിക്കൽ കോളജുകൾ 2021-2022 വർഷത്തോടെ പൂർത്തിയാക്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
നിലവിൽ അംഗീകാരം നൽകാത്ത 68 മെഡിക്കൽ കോളജുകളിൽ 31 എണ്ണം സർക്കാർ മേഖലയിൽ നിന്നുള്ളതാണ്. സർക്കാർ മെഡിക്കൽ കോളജുകളിലേക്ക് അധ്യാപക നിയമനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും എങ്ങനെ സാധിക്കുമെന്ന ചോദ്യമാണ് ഈ സ്ഥിതി ഉയർത്തുന്നത്. അനുമതി നിഷേധിച്ച 68 മെഡിക്കൽ കോളജുകളിൽ 37 എണ്ണം സ്വകാര്യ മേഖലയിലുള്ളതാണ്. ഇതിനു പുറമേയാണ് ഒന്‍പത് സർക്കാർ മെഡിക്കൽ കോളജുകൾക്കും അഞ്ച് സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് സീറ്റ് വർധിപ്പിക്കാൻ അനുമതി നൽകാതിരുന്നത്.