മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിന്റെ തിരുത്തല്‍ ശക്തിയായി മാറണം: മേയര്‍ സജി ജോര്‍ജ്
അമേരിക്കന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ഫ്രീഡം ഓഫ് സ്പീച്ച്, ഫ്രീഡം ഓഫ് മീഡിയ അവകാശങ്ങള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തി സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അനീതിക്കും അധര്‍മ്മത്തിനുമെതിരെ ശക്തമായ ഭാഷയില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിക്കണമെന്നും മേയര്‍ അഭിപ്രായപ്പെട്ടു.
ഡാലസ്; സമൂഹത്തെ വിഷലിപ്തമാക്കുന്ന അസമത്വങ്ങള്‍ക്കെതിരെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടുന്ന ശക്തികളായി മാധ്യമ പ്രവര്‍ത്തകര്‍ മാറണമെന്ന് സണ്ണിവെയ്ല്‍ മേയറും, മലയാളിയുംമായ സജി ജോര്‍ജ് പറഞ്ഞു. മാര്‍ച്ച് 24 ഞായര്‍ വൈകിട്ട് ഡാലസ് കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഇന്തോഅമേരിക്കന്‍ പ്രസ് ക്ലബ് ഡാലസ് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു സജി ജോര്‍ജ്.
അമേരിക്കന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ഫ്രീഡം ഓഫ് സ്പീച്ച്, ഫ്രീഡം ഓഫ് മീഡിയ അവകാശങ്ങള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തി സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അനീതിക്കും അധര്‍മ്മത്തിനുമെതിരെ ശക്തമായ ഭാഷയില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിക്കണമെന്നും മേയര്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ മൂല്യങ്ങളെയും കീഴ്വഴക്കങ്ങളെയും കുറിച്ചു പ്രവാസി മലയാളികളെ ബോധവല്‍ക്കരിക്കേണ്ട ഉത്തരവാദിത്വം കൂടി മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്ന് മേയര്‍ അഭ്യര്‍ഥിച്ചു.
ഐഎപിസി ഡാലസ് ചാപ്റ്റര്‍ പ്രസിഡന്റ് മീനാ നെബു അധ്യക്ഷത വഹിച്ചു. നാഷനല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ഹൂസ്റ്റന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, കോപ്പല്‍ സിറ്റി കൗണ്‍സില്‍ അംഗം ബിജു മാത്യു തുടങ്ങിയ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. വില്‍സന്‍ തരകന്‍ സ്വാഗതവും, സാം മത്തായി കൃതജ്ഞതയും രേഖപ്പെടുത്തി.