കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി സിദ്ദിഖ് കാപ്പന്‍അടക്കം നാലു മാധ്യമപ്രവർത്തകരെ ഹത്രാസ്സിൽ യു പി പോലീസ് അറസ്റ്റുചെയ്തു

അത്വിഖ് റഹ്മാന്‍, മസൂദ് അഹമ്മദ്, ആലം എന്നിവര്‍ ഡല്‍ഹിയില്‍ നിന്ന് ഹാഥ്റസിലേക്ക് പോവുകയായിരുന്നു.

0

ഡൽഹി :ഹത്രാസ് ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെകാണാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ദിഖ് കാപ്പനെയാണ് അറസ്റ്റ് ചെയ്തത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയാണ് അറസ്റ്റിലായ സിദ്ദിഖ്. സിദ്ദിഖിനൊപ്പമുണ്ടായിരുന്ന മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.അത്വിഖ് റഹ്മാന്‍, മസൂദ് അഹമ്മദ്, ആലം എന്നിവര്‍ ഡല്‍ഹിയില്‍ നിന്ന് ഹാഥ്റസിലേക്ക് പോവുകയായിരുന്നു. ഇവര്‍ വരുന്നത് ഹാഥ്റസിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്ന് വിവരം ലഭിച്ചെന്നാണ് യു.പി പൊലീസിന്‍റെ വാദം. ഇവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായും ക്യാംപസ് ഫ്രണ്ടുമായും ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചു. ഹാഥ്റസ് ടോള്‍ പ്ലാസയ്ക്ക് സമീപത്തുവെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. യു.പി പൊലീസ് നടപടിയെ കേരള പത്രപ്രവർത്തക യൂണിയൻ അപലപിച്ചു. രാജ്യത്തെ നടുക്കിയ ദലിത് പീഡനത്തിൽനിന്നു ശ്രദ്ധ തിരിക്കുന്നതിന് മാധ്യമപ്രവർത്തകരെ അടക്കം കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമം നിയമവാഴ്ചയെ കശാപ്പ് ചെയ്യലാണെന്ന് കെ.യു.ഡബ്ല്യു.ജെ ചൂണ്ടിക്കാട്ടി.

നിയമ വിരുദ്ധ തടങ്കലിൽ നിന്ന് മാധ്യമപ്രവർത്തകനെ മോചിപ്പിക്കാൻ നടപടി ആവശ്യപ്പെട്ടു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സംസ്ഥാന പൊലീസ് മേധാവിക്കും യൂണിയൻ കത്തയച്ചു. സർക്കാർ, പൊലീസ് തലത്തിൽ ഇടപെടൽ അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവർക്കും നിവേദനം നൽകി.

You might also like

-