ബിനോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതി പരാതി ദേശീയ വനിതാ കമ്മീഷന് ഇടപെടാമെന്ന് എം സി ജോസഫൈൻ
പിതൃത്വം തെളിയിക്കാൻ സ്ത്രീ ശാസ്ത്രീയമായ മാർഗങ്ങൾ തേടുന്നതായി അറിഞ്ഞു. അതിനുള്ള അവകാശം പരാതിക്കാരിക്ക് ഉണ്ടെന്നും ജോസഫൈൻ പറഞ്ഞു.
ആലപ്പുഴ :സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ്‌ക്കെതിരായ ആരോപണത്തിൽ ദേശീയ വനിതാ കമ്മീഷന് ഇടപെടാമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. പിതൃത്വം തെളിയിക്കാൻ സ്ത്രീ ശാസ്ത്രീയമായ മാർഗങ്ങൾ തേടുന്നതായി അറിഞ്ഞു. അതിനുള്ള അവകാശം പരാതിക്കാരിക്ക് ഉണ്ടെന്നും ജോസഫൈൻ പറഞ്ഞു. വിഷയത്തിൽ സംസ്ഥാന വനിതാ കമ്മീഷന് ഇടപെടാനാകില്ലെന്നും ജോസഫൈൻ ആലപ്പുഴയിൽ പറഞ്ഞു.
അതിനിടെ ബിനോയ്‌ക്കെതിരെ ആരോപണങ്ങളുമായി വീണ്ടും യുവതി രംഗത്തെത്തി. ബിനോയ് കുട്ടിക്ക് ചിലവിന് നൽകിയിരുന്നുവെന്നും മാസം ഒരു ലക്ഷം രൂപ വരെ നൽകിയിരുന്നുവെന്നും ജോസഫൈൻ പറഞ്ഞു. ചില മാസങ്ങളിൽ എൺപതിനായിരം രൂപയാണ് നൽകിയിരുന്നത്. ആറ് വർഷത്തോളം ഇത്തരത്തിൽ പണം നൽകിയിരുന്നുവെന്നും 2015 ൽ ഇത് നിന്നുവെന്നും യുവതി വ്യക്തമാക്കുന്നു.
ബിനോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബിഹാർ സ്വദേശിനിയായ മുൻ ബാർ ഡാൻസർ ഇന്നലെയാണ് രംഗത്തെത്തിയത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചുവെന്നും ബന്ധത്തിൽ എട്ട് വയസ് പ്രായമുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. ദുബായിയിൽ ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ ബിനോയ് സ്ഥിരം സന്ദർശകനായിരുന്നുവെന്നും അവിടെവെച്ചാണ് ബിനോയിയെ പരിചയപ്പെടുന്നതെന്നും ഓഷിവാര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കിയിരിക്കുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 376, 376(2) ( ബലാൽസംഗം), 420 (വഞ്ചന), 504( മനപ്പൂർവം അപമാനിക്കൽ), 506 (ഭീഷണി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.