മതികെട്ടാൻ ചോല ദേശീയോദ്യാനത്തിന് ചുറ്റുമുള്ള 17.5 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചു
ഇടുക്കി ജില്ലയിലെ പൂപ്പാറ ഗ്രാമത്തിലെ പ്രദേശങ്ങളാണ് വിജ്ഞാപന പ്രകാരം പരിസ്ഥിതി ദുർബല പ്രദേശമാകുന്നത്. ഈ പ്രദേശത്തിനായി പ്രത്യേക സോണൽ മാസ്റ്റർ പ്ലാൻ രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാന സർക്കാർ തയ്യാറാക്കണം എന്ന് വിജ്ഞാപനത്തിൽ കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്
ഡൽഹി: മതികെട്ടാൻ ചോല ദേശീയോദ്യാനത്തിന് ചുറ്റുമുള്ള 17.5 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. ഇത് സംബന്ധിച്ച് അന്തിമ വിജ്ഞാപനമിറക്കി. ഇടുക്കി ജില്ലയിലെ പൂപ്പാറ ഗ്രാമത്തിലെ പ്രദേശങ്ങളാണ് വിജ്ഞാപന പ്രകാരം പരിസ്ഥിതി ദുർബല പ്രദേശമാകുന്നത്.
ഈ പ്രദേശത്തിനായി പ്രത്യേക സോണൽ മാസ്റ്റർ പ്ലാൻ രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാന സർക്കാർ തയ്യാറാക്കണം എന്ന് വിജ്ഞാപനത്തിൽ കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. പരിസ്ഥിതി ദുർബല പ്രദേശത്തിനുള്ളിലെ വന, കൃഷി, ഭൂമികളിൽ വീടുകൾ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിജ്ഞാപനവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ആറംഗ സമിതിക്ക് രൂപം നൽകി. ഇടുക്കി കളക്ടറാണ് സമിതിയുടെ ചെയർമാൻ.
കഴിഞ്ഞ ഓഗസ്റ്റ് 13നാണ് ഇത് സംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കിയത്. കരട് വിജ്ഞാപനത്തിന് അനുവദനീയ സമയപരിധിയായ 60 ദിവസത്തിനകം ലഭിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച ശേഷമാണ് അന്തിമ വിജ്ഞാപനം പുറത്തിറക്കിയതെന്ന് കേന്ദ്രം അറിയിച്ചു.