മരട് ഫ്ലാറ്റ് പൊളിക്കല്‍; എതിർപ്പുമായി പ്രതിപക്ഷം, ന​ഗരസഭ കൗൺസിൽ യോ​ഗത്തിൽ ബഹളം

പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാദപ്രതിവാദങ്ങൾ ഉണ്ടാവുകയും തുടർന്ന് ​യോ​ഗം ബഹളത്തിലേക്ക് നീങ്ങുകയുമായിരുന്നു.

0

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മരട് നഗരസഭാ വിളിച്ച് ചേർത്ത യോ​ഗത്തിൽ ബഹളം. പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാദപ്രതിവാദങ്ങൾ ഉണ്ടാവുകയും തുടർന്ന് ​യോ​ഗം ബഹളത്തിലേക്ക് നീങ്ങുകയുമായിരുന്നു.

സുപ്രീംകോടതി വിധി പ്രകാരമുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിന് ന​ഗരസഭ സെക്രട്ടറി മുന്നോട്ട് വന്നപ്പോൾ പ്രതിപക്ഷ നേതാവ് കെ ദേവസ്യ എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്ന് പ്രമേയം അവതരിപ്പിക്കാന്‍ ദേവസ്യ അറിയിച്ചിരുന്നെങ്കിലും അതിനുള്ള അജണ്ട ഇല്ലെന്ന് ന​ഗരസഭ സെക്രട്ടറി അറിയിച്ചു. ഇന്നത്തെ യോ​ഗത്തിൽ ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് ചർച്ച ചെയ്യുന്നതെന്നും സെക്രട്ടറി വ്യക്തമാക്കി. ഇതിനെ തുടർന്നാണ് ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായത്.

ഇന്നലെ ചേർന്ന സ്റ്റാൻഡിം​ഗ് കമ്മിറ്റിയുടെ അടിയന്തര യോ​ഗത്തിലാണ് ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞ് പോകാൻ ഉടമകൾ നോട്ടീസ് നൽകണമെന്ന തീരുമാനം ആദ്യം എടുത്തത്. എന്നാൽ, ഇതിന് കൗൺസിലിന്റെ അം​ഗീകാരം ആവശ്യമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കൗൺസിൽ യോ​ഗം വിളിച്ച് ചേർത്തത്.

യോ​ഗത്തിന് ശേഷം ഫ്ലാറ്റ് ഉടമകൾക്ക് ഫ്ലാറ്റിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് വിതരണം ചെയ്യും. നോട്ടീസുകൾ വാങ്ങാത്തവരുടെ ഫ്ലാറ്റിന് മുന്നിലായി നോട്ടീസ് പതിപ്പിക്കും. ഇന്ന് തന്നെ മുഴുവൻ ഉടമകൾക്കും നോട്ടീസ് നൽകുമെന്നും ന​ഗരസഭ വ്യക്തമാക്കി.തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. 23നാണ് കേസ് വീണ്ടുും പരി​ഗണിക്കും.

You might also like

-